പൂജപ്പുര ദവനഭേദന മാനഭംഗക്കേസ്... കോടതിയില്‍ നാടകീയ രംഗങ്ങള്‍, പോലീസ് മൊഴി തിരുത്തി യുവതിയും മകളും സത്യവാങ്മൂലവുമായി കോടതിയിലെത്തിയതോടെ പൂജപ്പുര പോലീസ് വെട്ടിലായി, അനവധി ക്രൈം കേസ് പ്രതി പല്ലന്‍ സുരേഷിന്റെ കൂട്ടാളി ഉണ്ണിക്കുട്ടന് ജാമ്യം

പൂജപ്പുര ദവനഭേദന മാനഭംഗക്കേസില്‍ തലസ്ഥാന ജില്ലാ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. രണ്ടാം പ്രതി മാനഭംഗപ്പെടുത്തിയെന്ന പോലീസ് മൊഴി തിരുത്തി യുവതിയും മകളും സത്യവാങ്മൂലവുമായി കോടതിയില്‍ എത്തിയതോടെ മാനഭംഗപ്പെടുത്തിയെന്ന മൊഴി വാങ്ങി എഫ് ഐ ആറിട്ട സിറ്റി പൂജപ്പുര പോലീസിന് തിരിച്ചടിയായി. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് നാടകീയ രാഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
തുടര്‍ന്ന് ജയിലില്‍ കഴിയുന്ന അനവധി ക്രൈം കേസുകളില്‍ പ്രതിയായ പല്ലന്‍ സുരേഷിന്റെ കൂട്ടാളിയായ രണ്ടാം പ്രതി ഉണ്ണിക്കുട്ടന് കോടതി ജാമ്യം അനുവദിച്ചു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതിനാധാരമായി പൂജപ്പുര പോലീസിന് പ്രഥമ വിവരമൊഴി കൊടുത്ത ഇരകളായ യുവതിയും മകളും കോടതിയില്‍ ഹാജരായി പരാതി പിന്‍വലിച്ചതിനാലാണ് പ്രതിക്ക് കോടതി ജാമ്യം നല്‍കിയത്. തിരുമല വില്ലേജില്‍ തൃക്കണ്ണാപുരം ആറാമട ഞാലിക്കോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍ ഉണ്ണിക്കുട്ടനെന്ന നന്ദു കൃഷ്ണന്‍ (24) എന്ന രണ്ടാം പ്രതിക്കാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. വീടാക്രമണം , നരഹത്യാശ്രമം, അടിപിടി , കഞ്ചാവ് കടത്ത് എന്നീ കേസുകള്‍ നിലവിലുള്ള പുന്നയ്ക്കാമുകള്‍ ഞാലിക്കോണം നിവാസിയായ പല്ലന്‍ സുരേഷ് എന്ന സുരേഷാണ് ഒന്നാം പ്രതി.
വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന് വന്ന് ഒന്നാം പ്രതി പല്ലന്‍ സുരേഷ് തന്റെ ഭര്‍ത്താവിനെ കത്തി വിശി ആക്രമിച്ച സമയം രണ്ടാം പ്രതി ഉണ്ണിക്കുട്ടന്‍ തങ്ങളുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ചെന്നും ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയെന്നും വിശദീകരിച്ച് പോലീസിന് നല്‍കിയ മൊഴി പരാതിക്കാരായ അമ്മയും മകളും തിരുത്തി , ഒന്നാം പ്രതിയെ കുറ്റകൃത്യങ്ങളില്‍ നിന്ന് തടയാന്‍ ശ്രമിച്ച രണ്ടാം പ്രതി ഉണ്ണിക്കുട്ടന്റെ ഉദ്ദേശ്യം തങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്നും തങ്ങളെ കയറിപ്പിടിച്ചത് മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്നും ഉണ്ണിക്കുട്ടനെതിരെ മേല്‍ പരാതിയില്ലെന്നും കാട്ടി അമ്മയും മകളും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനാലാണ് കോടതി പ്രതിക്ക് ജാമ്യം നല്‍കിയത്.
പ്രതിയുടെ ജാമ്യഹര്‍ജി കോടതി പരിഗണിക്കവേ സത്യവാങ്മൂലവുമായി പരാതിക്കാരിയായ യുവതിയും മകളും രംഗത്തെത്തിയതോടെ കേസെടുത്ത പൂജപ്പുര പോലീസ് വെട്ടിലായി.
ജാമ്യ വ്യവസ്ഥകള്‍ ഇപ്രകാരമാണ് : രണ്ടാം പ്രതി ഇരുപത്തയ്യായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും ഹാജരാക്കണം. പരാതിക്കാരിയേയോ കുടുംബാംഗങ്ങളേയോ യാതൊരു തരത്തിലും നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്തുകയോ അപമാനിക്കാനോ പാടില്ല. കേസിന്റെ വസ്തുത അറിയാവുന്ന ഏതൊരാളെയും സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ തെളിവുകള്‍ നശിപ്പിക്കുകയോ ചെയ്യരുത്. പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെയോ അല്ലെങ്കില്‍ രണ്ടു മാസക്കാലത്തേക്കോ ഏതാണോ ആദ്യം വരുന്നത് അത് വരെ തിരുമല വില്ലേജതിര്‍ത്തിക്കകത്ത് പ്രതി പ്രവേശിക്കരുത്. അന്വേഷണവുമായി സഹകരിക്കുകയും അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യും വരെ എല്ലാ വെള്ളിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. മറ്റു കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി വീണ്ടും കല്‍ തുറുങ്കിലടക്കുമെന്നും ജാമ്യ ഉത്തരവില്‍ അഡീ. സിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് വ്യക്തമാക്കി.
2023 സെപ്റ്റംബര്‍ 23 ന് ഉച്ചതിരിഞ്ഞ് 3.15 ന് തൃക്കണ്ണാപുരത്തെ യുവതിയുടെ വീട്ടിലാണ് സംഭവം നടന്നത്. യുവതി വീട്ടില്‍ നടന്ന റൂഫിംഗ് വര്‍ക്കിന്റെ ശബ്ദം അമിതമാകയാല്‍ പണി നിര്‍ത്തിവക്കാന്‍ ഒന്നാം പ്രതി സുരേഷ് ആവശ്യപ്പെട്ടിട്ടും നിര്‍ത്തിവക്കാത്ത വിരോധത്താല്‍ ഒന്നും രണ്ടും പ്രതികള്‍ പൊതു ലക്ഷ്യത്തോടെ കത്തിയുമായി വീട്ടിനുള്ളില്‍ കുറ്റകരമായി പ്രവേശിച്ച് അശ്ലീല പദങ്ങള്‍ വിളിക്കുകയും യുവതിയേയും ഭര്‍ത്താവിനെയും മകളേയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.
ഒന്നാം പ്രതി ഭര്‍ത്താവിന് നേര്‍ക്ക് കത്തി വീശുകയും കത്തിയുടെ കൈപ്പിടി കൊണ്ട് ഭര്‍ത്താവിന്റെ നെഞ്ചില്‍ ആവര്‍ത്തിച്ചിടിക്കുകയും ചെയ്തു. യുവതിയും മകളും വീട്ടിനുള്ളിലേക്ക് പിടിച്ചു കൊണ്ടു പോയപ്പോള്‍ ഒന്നാം പ്രതി സ്റ്റീല്‍ ഡോര്‍ ചവിട്ടി തുറന്ന് ഭര്‍ത്താവിന്റെ മുഖത്ത് ആവര്‍ത്തിച്ചിടിച്ചു. രണ്ടാം പ്രതി യുവതിയെയും മകളെയും അവരുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കൈയ്യേറ്റവും ബലപ്രയോഗവും നടത്തുകയും ലൈംഗിക സമീപനം ഉള്‍പ്പെടുന്ന ശാരീരിക സ്പര്‍ശവും മുന്നേറ്റങ്ങളും നടത്തുകയും ലൈംഗികത കലര്‍ന്ന പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത് ലൈംഗിക പീഡനക്കുറ്റങ്ങള്‍ ചെയ്‌തെന്ന യുവതിയുടെ ഒപ്പിട്ടുള്ള എഫ് ഐ (പ്രഥമ വിവര ) മൊഴി വാങ്ങിയാണ് പൂജപ്പുര പോലീസ് എഫ് ഐ ആര്‍ (പ്രഥമ വിവര റിപ്പോര്‍ട്ട് ) രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്.
https://www.facebook.com/Malayalivartha


























