ഒട്ടും പ്രതീക്ഷിക്കാത്ത തോല്‍വി... ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചതിന് പിന്നാലെ വമ്പന്‍മാരെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്; 38 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു; കിരീടത്തില്‍ കണ്ണുവച്ചെത്തിയ ദക്ഷിണാഫ്രിക്കയെ ഓറഞ്ച് പടയെ എറിഞ്ഞു വീഴ്ത്തി

ഏത് വമ്പന്‍ ടീമിന് വേണമോ അടിപതറാം എന്ന അവസ്ഥയാണ് ലോക കപ്പില്‍. ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചതിന് പിന്നാലെ ദക്ഷിണാഫ്രിയ്ക്കയ്ക്കും ആ ഗതി. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ഷോക്ക്. ട്വന്റി20 ലോകകപ്പിലെ അട്ടിമറിപ്പെരുമ നെതര്‍ലന്‍ഡ്‌സ് ഏകദിന ലോകകപ്പിലും ആവര്‍ത്തിച്ചു.
കിരീടത്തില്‍ കണ്ണുവച്ചെത്തിയ ദക്ഷിണാഫ്രിക്കയെ ഓറഞ്ച് പട 38 റണ്‍സിനാണ് പഞ്ചറാക്കിയത്. മഴയെത്തുടര്‍ന്ന് 43 ഓവറായി ചുരുക്കിയ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേഡ്‌സിന്റെ (69 പന്തില്‍ 78) ഉജ്വല പ്രകടനത്തിന്റെ മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി 42.5 ഓവറില്‍ 207 റണ്‍സില്‍ അവസാനിച്ചു.
നെതര്‍ലന്‍ഡ്‌സിനു വേണ്ടി ലോഗന്‍ വാന്‍ ബീക് മൂന്നും പോള്‍ വാന്‍ മീകെറെന്‍, റോളോഫ് വാന്‍ഡര്‍ മെര്‍വ്, ബാസ് ഡി ലീഡ് എന്നിവര്‍ 2 വിക്കറ്റ് വീതവും നേടി. എഡ്വേഡ്‌സാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. പോയിന്റ് പട്ടികയില്‍ 4 പോയിന്റുമായി ദക്ഷിണാഫ്രിക്ക 3ാം സ്ഥാനത്തും 2 പോയിന്റുമായി നെതര്‍ലന്‍ഡ്‌സ് 9ാം സ്ഥാനത്തുമാണ്. സ്‌കോര്‍: നെതര്‍ലന്‍ഡ്‌സ് 43 ഓവറില്‍ 8ന് 245, ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207 ഓള്‍ഔട്ട്.
കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക നോക്കൗട്ട് ഘട്ടത്തിലെത്താതെ പുറത്തായിരുന്നു. വാന്‍ഡര്‍ മെര്‍വ്, കോളിന്‍ ആക്കര്‍മാന്‍, സൈബ്രാന്‍ഡ് എന്‍ഗിള്‍ ബ്രെക്റ്റ് എന്നീ ദക്ഷിണാഫ്രിക്കന്‍ വംശജരടങ്ങുന്ന ടീമാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയതെന്ന സവിശേഷതയുമുണ്ട്.
246 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. ഡേവിഡ് മില്ലര്‍ (43) ആണ് ടോപ്‌സ്‌കോറര്‍. ക്വിന്റന്‍ ഡികോക്കിനെ (20) പുറത്താക്കി കോളിന്‍ ആക്കര്‍മാനാണ് തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ അപ്പോള്‍ 36 റണ്‍സ്. 8 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ നായകന്‍ ടെംബ ബവുമ (16), എയ്ഡന്‍ മാര്‍ക്രം (1), റസ്സി വാന്‍ഡര്‍ ഡസന്‍ (4) എന്നിവര്‍ കൂടി പുറത്തായതോടെ നെതര്‍ലന്‍ഡ്‌സ് ടീം ആവേശത്തിലായി.
ഹെന്റിച്ച് ക്ലാസനും (28) മാര്‍ക്കോ ജാന്‍സനും (9) ഏഴാമനായി മില്ലറും മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. നേരത്തേ എഡ്വേഡ്‌സിന്റെ വീരോചിത പോരാട്ടമാണ് നെതര്‍ലന്‍ഡ്‌സിനു ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. ഡെത്ത് ഓവറുകളില്‍ ആഞ്ഞടിച്ച ടീം അവസാന 5 ഓവറുകളില്‍ മാത്രം 68 റണ്‍സ് നേടി.
അതേസമയം ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോടു തോറ്റതിനു പിന്നാലെ, പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുന്‍ പാക്ക് താരങ്ങള്‍. ബാബര്‍ അസം ഇന്ത്യയെ ഭയന്നപോലെയാണു കളിച്ചതെന്നു മുന്‍ ക്യാപ്റ്റന്‍ മൊയീന്‍ ഖാന്‍ ആരോപിച്ചു. ഇതുതന്നെയാണ് പാക്ക് താരങ്ങളിലും പിന്നീടു കണ്ടതെന്നും മൊയീന്‍ ഖാന്‍ പ്രതികരിച്ചു.'' ഒരു ക്യാപ്റ്റനെന്ന നിലയിലുള്ള നാച്ചുറല്‍ ഗെയിം പുറത്തെടുക്കാന്‍ ഇന്ത്യയ്‌ക്കെതിരെ ബാബര്‍ അസമിനു സാധിച്ചില്ല. 58 പന്തുകളാണ് താരം നേരിട്ടത്. ബാബര്‍ ക്രീസിലെത്തുമ്പോള്‍ പാക്കിസ്ഥാന്‍ നിലയുറപ്പിച്ച പോലെയായിരുന്നു.''
''ബാബര്‍ കുറച്ചുകൂടി ആക്രമണം നടത്തി, റണ്ണൊഴുക്കു നിലനിര്‍ത്തുകയായിരുന്നു വേണ്ടത്. ബാബറിന്റെ പ്രകടനം ടീമിലും പ്രതിഫലിക്കുകയായിരുന്നു. ക്യാപ്റ്റന്‍ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ ഭയക്കുമ്പോള്‍ ടീമിലും അതു കാണാന്‍ സാധിക്കും.'' ഒരു പാക്കിസ്ഥാന്‍ മാധ്യമത്തോടു മൊയീന്‍ ഖാന്‍ പറഞ്ഞു. കളിയിലാകെ ബാബറിന്റെ സമീപനം കാരണം പാക്കിസ്ഥാന്‍ സമ്മര്‍ദത്തിലായിരുന്നെന്നും മൊയീന്‍ ഖാന്‍ ആരോപിച്ചു.
"
https://www.facebook.com/Malayalivartha


























