ശബരിമലയില്‍ തിരുപ്പതി മോഡല്‍ ക്യൂ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ തിരുപ്പതി മോഡല്‍ ക്യൂ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ അറിയിച്ചു. 18 ക്യൂ കോംപ്ലക്‌സുകള്‍ ഉടന്‍ ഡിജിറ്റലൈസ് ചെയ്യും. പതിനെട്ടാം പടിക്ക് മുകളില്‍ ഫോള്‍ഡിംഗ് റൂഫും ഭണ്ഡാരത്തിന് മുന്നില്‍ മെറ്റല്‍ ഡിറ്റക്ടറും വലിയ സ്‌ക്രീനും സ്ഥാപിക്കും. ഭണ്ഡാരത്തില്‍ നിന്ന് എമര്‍ജന്‍സി എക്‌സിറ്റുണ്ടാവും.
മണ്ഡലകാല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. തീര്‍ത്ഥാടകര്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ട്. ഇതില്‍ ജാഗ്രതയോടെയുള്ള നിരീക്ഷണം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ട്രഷറി നിയന്ത്രണമൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയും ബന്ധപ്പെട്ട ഇടങ്ങളും വൃത്തിയോടെ സൂക്ഷിക്കണം ശബരിമലയിലെ വിര്‍ച്വല്‍ ക്യൂ പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് പൊലീസ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ. എസ്.ആര്‍. ടി.സി ബസുകള്‍ ശബരിമലയില്‍ നിന്ന് നിലയ്ക്കലിലേക്കും തിരിച്ചും കണ്ടക്ടര്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഡ്രൈവര്‍ തന്നെയാണ് ടിക്കറ്റ് നല്‍കുന്നത്. ഈ രീതി തുടരുന്നതാണ് ഉചിതമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു പമ്പയില്‍ വിരി വയ്ക്കാനുള്ള സൗകര്യം വേണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിന്റ് അനന്തഗോപന്‍ യോഗത്തില്‍ അറിയിച്ചു. ആധുനിക രീതിയിലുള്ള 168 മൂത്രപ്പുരകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.ഇതില്‍ 36 എണ്ണം വനിതകള്‍ക്കാണ്. കുഴഞ്ഞു വീഴുന്നവരെ സ്‌ട്രെച്ചറില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പത്തു പേര്‍ വീതമുള്ള 3 ടീമുകള്‍ ഉണ്ടാകും. നിലയ്ക്കലില്‍ ക്ളോക്ക് റൂമും വിശ്രമമുറിയും 16 ആധുനിക ടോയിലറ്റുകളും ഈ സീസണില്‍ ഉണ്ടാകും. ഏഴ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളില്‍ നാലെണ്ണം പൂര്‍ത്തിയാകും. മാലിന്യ സംസ്‌കരണത്തിലും പ്രത്യേക ജാഗ്രത പുലര്‍ത്തും.
ശബരിമല പാതയിലുള്ള ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ ഏര്‍പ്പെടുത്തണമെന്നും കാര്‍ഡിയാക് കെയര്‍ ആംബുലന്‍സുകള്‍ ഉണ്ടാവണമെന്നും എം. എല്‍. എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കണമലയില്‍ സ്ഥിരമായി അപകടമുണ്ടാകുന്നുണ്ടെന്നും ഈ വിഷയത്തില്‍ ശ്രദ്ധയുണ്ടാകണമെന്നും ആന്റോ ആന്റണി എം. പി പറഞ്ഞു. കണമലയില്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കണമെന്നും അപകടം ഉണ്ടാവുന്ന സ്ഥലങ്ങള്‍ മാപ്പ് ചെയ്യണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ 218 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളാണ് നടത്തിയതെന്നും ഇത്തവണ 250 എണ്ണമാണ് പ്രതീക്ഷിക്കുന്നതെന്നും റെയില്‍വേ അധികൃതര്‍ യോഗത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























