പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനുമായ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനുമായ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. 62 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ ഒമ്പത് മുതല്‍ 11.30 മണി വരെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കക്കട്ടിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരത്തില്‍ മൂന്നു മുതല്‍ അഞ്ചു മണിവരെ ആദരാഞ്ജലി അര്‍പ്പിക്കാം. വൈകീട്ട് അഞ്ച് മണിക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ കണ്ടോത്ത്കുനി ജുമാഅത്ത് മസ്ജിദില്‍ ഖബറടക്കും. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന.
നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മലയാളം ഉപദേശക സമിതി അംഗം, സംസ്ഥാന സാക്ഷരതാ മിഷന്‍ മാസികയായ അക്ഷരകൈരളിയുടെ പത്രാധിപസമിതി അംഗം, കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് (എന്‍.ഐ.ഒ.എസ്) കരിക്കുലം കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതിയംഗം ആയിരുന്നു.
നോവലും ചെറുകഥകളും ഉപന്യാസങ്ങളും ഉള്‍പ്പെടെ 54 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീര്‍ഘനാള്‍ അധ്യാപകനായിരുന്ന അദ്ദേഹം 'അധ്യാപക കഥകള്‍' എന്ന പുതിയ ശാഖക്ക് രൂപം നല്‍കി. നര്‍മ്മവും ലാളിത്യവും നിറഞ്ഞതായിരുന്നു അക്ബര്‍ കക്കട്ടിലിന്റെ രചനകള്‍.
നാദാപുരം, ശ്രീപ്രിയയുടെ ആധികള്‍, നോക്കൂ അയാള്‍ നിങ്ങളില്‍ത്തന്നെയുണ്ട്, നക്ഷത്രങ്ങളുടെ ചിരി, സ്‌കൂള്‍ ഡയറി, അധ്യയനയാത്ര, പാഠം മുപ്പത് അധ്യാപക കഥകള്‍, സ്‌കൂള്‍ ഡയറി, ശ്രീപ്രിയയുടെ ആധികള്‍, ഷമീല ഫഹ്മി, ആറാം കാലം, സര്‍ഗ സമീക്ഷ, വീടിന് തീ പിടിക്കുന്നു, 2011ലെ ആണ്‍കുട്ടി, മേധാശ്വം, ഈ വഴി വന്നവര്‍, 'മൃത്യുയോഗം'(നോവല്‍), 'രണ്ടും രണ്ട്' (നോവലെറ്റ്) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 'വരൂ അടൂരിലേക്ക് പോകാം' കൊളച്ചല്‍ മു യൂസഫ്, 'അടൂര്‍ ഗോപാലകൃഷ്ണന്‍ ഇടം പൊരുള്‍ കലൈ' എന്ന പേരില്‍ തമിഴിലേക്കും 'മൃത്യുയോഗം' ഡോ. അശോക് കുമാര്‍, 'മൃത്യുയോഗ' എന്ന പേരില്‍ കന്നഡയിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
രണ്ട് തവണ കേരളസാഹിത്യ അക്കാദമി അവാര്‍!ഡ് നേടിയിട്ടുണ്ട്. കൂടാതെ അങ്കണം സാഹിത്യ അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട് അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, സാഹിത്യത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫെലോഷിപ്പ്, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ഗ്രാമദീപം അവാര്‍ഡ്, ടി.വി. കൊച്ചുബാവ അവാര്‍ഡ്, ദുബൈ പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
രണ്ടു തവണ കേന്ദ്ര സര്‍ക്കാരിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതിയംഗം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഭരണസമിതി അംഗം, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷന്‍ ജൂറി, സിനിമ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോര്‍ഡ്, പ്രഥമ എഡ്യൂക്കേഷണല്‍ റിയാലിറ്റി ഷോയായ 'ഹരിത വിദ്യാലയ'ത്തിന്റെ സ്ഥിരം ജൂറി, കേരള ലളിതകല അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷന്‍സ്, ഒലീവ് പബ്ലിക്കേഷന്‍സ് ഓണററി എഡിറ്ററും കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗം കണ്‍വീനറുമായിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha