എല്ലാം വെറുതെയായോ? ഭരണം മാറുമെന്നായതോടെ പുതിയ ധാരണയ്ക്കായി വെള്ളാപ്പള്ളി; കാലുവാരല്‍ മുന്നില്‍ കണ്ട് ബിജെപി പുതിയ തന്ത്രങ്ങളിലേക്ക്

ഭരണം മാറുമെന്നായതോടെ പുതിയ ധാരണയ്ക്കായി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുമ്പോള്‍ ബിജെപി പുതിയ രാഷ്ട്രീയ സുഹൃത്തുക്കളെ തേടുന്നു. ബിജെപിയുടെ ബി ടീമായി തുടങ്ങിയ ബിഡിജെഎസ് ഒരു മാസത്തിനിടെ രാഷ്ട്രീയ നിലപാടു മാറ്റിയതിനെ അമ്പരപ്പോടെയാണ് ബിജെപി നേതൃത്വം കാണുന്നത്.
കുമ്മനം രാജശേഖരന്റെ വിമോചന യാത്രയുടെ തുടക്കം മുതല്‍ ബിഡിജെഎസിന്റെ നിലപാടില്‍ ബിജെപിക്കു സംശയമുണ്ടായിരുന്നു. പിണറായി വിജയന്റെ ജനരക്ഷാ മാര്‍ച്ച് എറണാകുളം ജില്ല വിട്ടതോടെ സിപിഎമ്മും വെള്ളാപ്പള്ളിയും തമ്മിലുണ്ടായ വെടിനിര്‍ത്തല്‍ ബിജെപിക്കു അറിഞ്ഞു. ഇതിനിടെ കോണ്‍ഗ്രസുമായും സിപിഎമ്മുമായും വെള്ളാപ്പള്ളി രഹസ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
സോളാര്‍ കേസിന്റെ രണ്ടാം വരവോടെ കേരള രാഷ്ട്രീയം മാറിമറിഞ്ഞെന്ന വിലയിരുത്തലും എല്‍ഡിഎഫിനു മേല്‍ക്കൈ ഉണ്ടാകുമെന്ന കണക്കുകൂട്ടലുമാണ് ബിഡിജെഎസിന്റെ നിലപാടു മാറ്റത്തിനു കാരണമെന്നാണ് സൂചന. നേതൃമാറ്റത്തോടെ ബിജെപിയില്‍ ചേരിതിരിവു രൂക്ഷമായെന്നും ആ പക്ഷത്തു നിന്നുകൊണ്ടുള്ള വിജയസാധ്യത കുറഞ്ഞെന്നും കൂടി വെള്ളാപ്പള്ളി കൂട്ടരും വിലയിരുത്തുന്നു. നേരത്തേ 40 സീറ്റ് ആവശ്യപ്പെട്ട ബിഡിജെഎസ് ബിജെപിയിലെ നേതൃമാറ്റത്തോടെ സീറ്റുചര്‍ച്ചയില്‍ നിന്നു വലിഞ്ഞു. ഇതിനിടെ ബിഡിജെഎസിന് 25 സീറ്റുകള്‍ മാറ്റിവച്ചു ബിജെപി തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലേക്കു കടക്കുകയും ചെയ്തു. പുതിയ രാഷ്ട്രീയ സൗഹൃദങ്ങള്‍ക്കും നീക്കങ്ങള്‍ തുടങ്ങി.
സഖ്യത്തില്‍ നിന്നു ബിഡിജെഎസ് മാറിയതോടെ സ്വന്തം നിലയില്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആര്‍എസ്എസ് നേതൃത്വം ബിജെപിക്കു നിര്‍ദേശം നല്‍കി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലും അടക്കം പ്രധാന നേതാക്കളോടെല്ലാം മല്‍സരിക്കാന്‍ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ ധാരണയനുസരിച്ച് കുമ്മനം രാജശേഖരന്‍ നേമം മണ്ഡലത്തില്‍ മല്‍സരിക്കും. തിരുവനന്തപുരവും വട്ടിയൂര്‍ക്കാവും ഒ. രാജഗോപാലിനായി നീക്കിവയ്ക്കും. ഇതില്‍ ഏറ്റവും യോജിച്ച മണ്ഡലം പിന്നീടു തീരുമാനിക്കും. വട്ടിയൂര്‍ക്കാവില്‍ സുരേഷ്‌ഗോപിയെയും പരിഗണിക്കുന്നുണ്ട്. കഴക്കൂട്ടം വി. മുരളീധരന്‍, കാട്ടാക്കട പി.കെ. കൃഷ്ണദാസ്, കോവളം ജെ.ആര്‍. പത്മകുമാര്‍, പാറശാല വി.വി. രാജേഷ്, ചെങ്ങന്നൂര്‍പി.എസ്. ശ്രീധരന്‍പിള്ള, ആറന്മുള എം.ടി. രമേശ്, തൃപ്പൂണിത്തുറ എ.എന്‍. രാധാകൃഷ്ണന്‍, പാലക്കാട് സി. കൃഷ്ണകുമാര്‍, മലമ്പുഴ ശോഭാ സുരേന്ദ്രന്‍, പുതുക്കാട് എ. നാഗേഷ്, മണലൂര്‍ ബി. ഗോപാലകൃഷ്ണന്‍, ബേപ്പൂര്‍ കെ.പി. ശ്രീശന്‍, കോഴിക്കോട് നോര്‍ത്ത് കെ. സുരേന്ദ്രന്‍, കുന്നമംഗലം സി.കെ. പത്മനാഭന്‍, കോഴിക്കോട് സൗത്ത് കെ.പി. പ്രകാശ്ബാബു, എലത്തൂര്‍ വി.വി. രാജന്‍, തലശേരി വി.കെ. സജീവന്‍, കൂത്തുപറമ്പ് വല്‍സന്‍ തില്ലങ്കേരി എന്നിവരുടെ കാര്യത്തിലാണ് ഏകദേശ ധാരണയായത്.
മഞ്ചേശ്വരത്തും സുരേന്ദ്രന്റെ പേരു പരിഗണിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സാധ്യത പ്രാദേശിക നേതാവ് സുരേഷ്‌കുമാര്‍ ഷെട്ടിക്കായിരിക്കും. പ്രധാന സ്ഥാനാര്‍ഥികളുടെ പട്ടിക 20ാം തീയതിയോടെ പ്രഖ്യാപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. 19നു പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു മാനേജ്‌മെന്റ് കമ്മിറ്റി എറണാകുളത്ത് യോഗം ചേരും. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയ്ക്കും വി. മുരളീധരനുമാണ് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചുമതല. നിലവിലെ സംസ്ഥാന നേതാക്കളോടു നിയമസഭ നിയോജക മണ്ഡലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. മേഖല കമ്മിറ്റി ഭാരവാഹികള്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും ജില്ലാ ഭാരവാഹികള്‍ ബൂത്ത് തലത്തിലും പ്രവര്‍ത്തിക്കണമെന്നു നിര്‍ദേശമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha