വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയ്ക്ക് ഉന്നയിക്കാനാകില്ല

വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം പിന്മാറിയെന്ന ആരോപണം വിവാഹിതയ്ക്ക് ഉന്നയിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. വിവാഹത്തില്‍ തുടര്‍ന്നുകൊണ്ടു തന്നെ മറ്റൊരു വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 19 ദിവസം ജയിലില്‍ കഴിഞ്ഞ പാലക്കാട് സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മലപ്പുറത്തെ ഒരു ആശുപത്രിയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ യുവാവിനെതിരെ അവിടെ തന്നെ ജോലി ചെയ്യുന്ന യുവതിയാണ് പരാതി നല്‍കിയത്.
തന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ തട്ടിയെടുത്തു എന്നുമായിരുന്നു പരാതി. തുടര്‍ന്ന് കഴിഞ്ഞ മാസം 13ന് യുവാവ് അറസ്റ്റിലായി. ബിഎന്‍എസിലെ 84, 69 വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്. മജിസ്‌ട്രേറ്റ് കോടതിയും യുവാവിന്റെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹബന്ധത്തില്‍ തുടരുന്ന ഒരു വ്യക്തിയുമായി വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നത് നിലനില്‍ക്കില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ബിഎന്‍സ് 64 ബാധകമാകില്ല. ബിഎന്‍എസ് 84 അനുസരിച്ച് ജാമ്യം ലഭിക്കുകയും ചെയ്യുമെന്നും കോടതി വ്യക്തമാക്കി.
യുവതിയും യുവാവുമായുള്ള ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നോ എന്ന് കോടതി അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയുമായി അടുപ്പത്തിലായിരുന്നപ്പോള്‍ വിവാഹിതയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് യുവാവിന്റെ വാദം.
https://www.facebook.com/Malayalivartha