ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ രണ്ടാംപ്രതിക്ക് ജാമ്യം

ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍ മരുമകളുടെ സഹോദരിയും രണ്ടാം പ്രതിയുമായ കാലടി വാറായില്‍ ലിവിയ ജോസി (21) ന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെതാണ് ഉത്തരവ്. ലിവിയയുടെ പ്രായവും രണ്ടുമാസമായി ജയിലിലാണെന്നതും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.
സ്‌കൂട്ടറില്‍നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തുവെന്നാരോപിച്ച് ചാലക്കുടി എക്‌സൈസാണ് ഷീല സണ്ണിയെ 2023 ഫെബ്രുവരി 27 ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ പിടിച്ചെടുത്തത് ലഹരിമരുന്നല്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഷീല ജയില്‍ മോചിതയായത്. പക്ഷേ, അപ്പോഴേയ്ക്കും 72 ദിവസം പിന്നിട്ടിരുന്നു. മുന്‍വൈരാഗ്യം തീര്‍ക്കാനായി ലിവിയ സുഹൃത്തായ നാരായണദാസിന്റെ സഹായത്തോടെ ഷീലയ്‌ക്കെതിരേ വ്യാജ പരാതി ചമച്ചതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ലിവിയയെ ജൂണ്‍ 13നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നിരപരാധിയാണെന്നും പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് വ്യക്തമായതിനാല്‍ നര്‍ക്കോട്ടിക്‌സ് ആക്ട് പ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. നാരായണദാസിന് ജാമ്യം അനുവദിച്ചതും ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും രണ്ട് ആള്‍ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha