മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അണുബാധാ നിയന്ത്രണത്തിന്റെ ഭാഗമായി പരിശീലനവും സര്‍ട്ടിഫിക്കറ്റും നല്‍കും. ജീവനക്കാര്‍ ഈ പരിശീലനം നേടിയിരിക്കണം. ആശുപത്രികള്‍ മികച്ച രീതിയില്‍ ശുചീകരണം നടത്തുന്നുണ്ട്. എങ്കിലും ശാസ്ത്രീയ മാര്‍ഗം അവലംബിച്ച് മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്. മാലിന്യം ഉണ്ടാകുന്ന സ്ഥലത്ത് തന്നെ നല്ലൊരു ഇടപെടല്‍ നടത്താനാകണം. കൃത്യമായി ആലോചിച്ച് നമ്മുടെ മുന്നിലുള്ള മാര്‍ഗങ്ങളില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുക എന്നതാണ് ഈ വര്‍ക്ക്‌ഷോപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാലിന്യമുക്തം നവകേരളം, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാലിന്യ പരിപാലനം സംസ്ഥാനതല ശില്പശാല തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയില്‍ ഏറ്റവും അധികം അടിസ്ഥാന സൗകര്യ വികസനം നടത്തിയ കാലഘട്ടമാണിത്. കിഫ്ബിയിലൂടെ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്തും ചികിത്സാ രംഗത്തും അക്കാഡമിക് രംഗത്തും സുപ്രധാന ഇടപെടലുകള്‍ നടത്താനായി. രണ്ട് മെഡിക്കല്‍ കോളേജ് സ്ഥാപിച്ചു. 15 നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു. നഴ്‌സിംഗ് സീറ്റുകള്‍ മൂന്നിരട്ടിയാക്കി. ചികിത്സാ രംഗത്തും മെഡിക്കല്‍ വിദ്യാഭാസ രംഗത്തും വലിയ മുന്നേറ്റം നടത്തി. ക്വാളിറ്റി ഇന്‍ഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സയും അനുബന്ധ സംവിധാനങ്ങളും മികച്ചതാക്കി. ആശുപത്രി ക്യാമ്പസുകളെ സുരക്ഷിത ഇടങ്ങളാക്കാനായി സുക്ഷ്മതലത്തില്‍ ഗ്യാപ് അനാലിസിസും സേഫ്റ്റി ഓഡിറ്റും നടത്തി. രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കാനാനുള്ള നടപടികളാണ് സ്വീകരിച്ചത്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്‍ സ്വാഗതവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍ കൃതജ്ഞതയും പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയെക്കുറിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ മുഖ്യ പ്രഭാഷണം നടത്തി. ഐഐടി മുംബൈയിലെ പ്രൊഫസര്‍ ഡോ. എന്‍.സി. നാരായണന്‍ ശില്പശാലയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സെമിനാറുകളിലും പാനല്‍ ചര്‍ച്ചകളിലും അതാതു മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്നു. മെഡിക്കല്‍ കോളേജ്, ദന്തല്‍ കോളേജ്, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം, ഹൗസ് കീപ്പിംഗ് വിഭാഗം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha