ഗുജറാത്തിന് 5,400 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഖോടാല്‍ധാം മൈതാനത്ത് നടന്ന റോഡ് ഷോയില്‍ 5,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. മൂന്ന് കിലോമീറ്റര്‍ നീളമുള്ള റോഡ് ഷോ നരോദയില്‍ നിന്ന് നിക്കോള്‍ വരെ നീണ്ടു. ചടങ്ങില്‍ ഇന്ത്യന്‍ സായുധ സേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി 1,404 കോടി രൂപയുടെ മൂന്ന് റെയില്‍വേ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്തു. മെഹ്‌സാനപാലന്‍പൂര്‍ (65 കി.മീ), കലോല്‍കാഡികറ്റോസന്‍ ലൈനിന്റെ ഗേജ് പരിവര്‍ത്തനം (37 കി.മീ), ബെച്രാജിരാനുഞ്ച് ലൈന്‍ എന്നിവ ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തു. ഈ പദ്ധതികള്‍ പ്രാദേശിക സാമ്പത്തികം പ്രോത്സാഹിപ്പിക്കുകയും ദൈനംദിന യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും വലിയ സഹായമാവുകയും ചെയ്യും.
കറ്റോസന്‍ റോഡിനും സബര്‍മതിക്കും ഇടയിലുള്ള പുതിയ പാസഞ്ചര്‍ ട്രെയിന്‍ മതപരമായ സ്ഥലങ്ങളിലേക്ക് മെച്ചപ്പെട്ട പ്രവേശനം സാധ്യമാക്കും. ബെച്രാജിയില്‍ നിന്നുള്ള കാര്‍ ലോഡഡ് ചരക്ക് ട്രെയിന്‍ സര്‍വീസ് സംസ്ഥാനത്തെ വ്യാവസായിക കേന്ദ്രങ്ങളുമായുള്ള ബന്ധം വര്‍ധിപ്പിക്കുകയും ലോജിസ്റ്റിക്‌സ് ശൃംഖല ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
ഊര്‍ജം, റോഡ്, നഗരവികസനം തുടങ്ങിയ മേഖലകളില്‍ ഒട്ടനവധി പദ്ധതികള്‍ക്കാണ് മോദി തുടക്കം കുറിച്ചത്. ഗാന്ധിനഗര്‍, അഹമ്മദാബാദ്, മെഹ്‌സാന എന്നിവിടങ്ങളിലെ വിതരണ ശൃംഖലയ്ക്കായി 1,122 കോടി രൂപയുടെ അഞ്ച് പദ്ധതികളും ഊര്‍ജ, പെട്രോകെമിക്കല്‍സ് വകുപ്പിന് കീഴിലുള്ള രണ്ട് സബ്‌സ്‌റ്റേഷനുകളും ഉദ്ഘാടനം ചെയ്തു. കൂടാതെ, 274 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ക്ക് തറക്കല്ലിടുകയും 33 കോടി രൂപയുടെ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. റോഡ്, റെയില്‍വേ, നഗരവികസനം തുടങ്ങിയ സുപ്രധാന മേഖലകളില്‍ ഈ പദ്ധതികള്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha