ശിശുക്ഷേമ സമിതിയില്‍ നിന്നും പുറത്താക്കിയ ആയമാര്‍ക്ക് വീണ്ടും നിയമനം

തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ പുറത്താക്കിയ ആയമാര്‍ക്ക് വീണ്ടും നിയമനം. പിരിച്ചുവിട്ട ഒമ്പത് ആയമാരില്‍ ആറുപേരെയാണ് വീണ്ടും സര്‍ക്കാര്‍ നിയമിച്ചത്. സിപിഎം ഇടപെടലിനെ തുടര്‍ന്നാണ് ആറുപേര്‍ക്ക് വീണ്ടും സര്‍ക്കാര്‍ നിയമനം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നത്.
സംഭവം വലിയ വിവാദമായതിന് പിന്നാലെ ശിശുക്ഷേമ സമിതിയില്‍ കുട്ടികളെ ആയമാര്‍ ഉപദ്രവിക്കുന്നത് പതിവാണെന്ന വെളിപ്പെടുത്തലടക്കം ഉണ്ടായി. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒമ്പത് ആയമാരെ പിരിച്ചുവിടുകയും ചെയ്തു. ഇതില്‍ ആറുപേരെയാണ് ഇപ്പോള്‍ തിരിച്ചെടുത്തത്.
കിടക്കയില്‍ മൂത്രമൊഴിച്ചതിന് ശിക്ഷയായാണ് ആയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. സ്ഥിരമായി കുഞ്ഞിനെ പരിചരിച്ച ആയമാര്‍ മൂന്ന് പേരുമല്ലാതെ നാലാമതൊരാള്‍ കുഞ്ഞിനെ കുളിപ്പിച്ചപ്പോഴാണ് ശരീരത്തില്‍ മുറിവ് കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha