മകളെ ബിആര്‍എസില്‍ നിന്ന് പുറത്താക്കി ചന്ദ്രശേഖര റാവു

ഭാരത് രാഷ്ട്ര സമിതിയില്‍ നിന്ന് മകള്‍ കവിതയെ പുറത്താക്കി പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് കവിതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതെന്നാണ് വിശദീകരണം.
'പാര്‍ട്ടി എംഎല്‍സിയായ കെ കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും അവര്‍ നടത്തുന്ന തുടര്‍ച്ചയായ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിന് ദോഷകരമാണെന്നതിനാല്‍ പാര്‍ട്ടി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. കവിതയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു തീരുമാനിച്ചു' ബിആര്‍എസ് പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ കുറച്ചുകാലമായി പാര്‍ട്ടിയിലെ ഉന്നതര്‍ക്കെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് കവിത നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായിരുന്നു. ഇതിനെത്തുടര്‍ന്ന് കവിതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല കാര്യങ്ങളിലും പാര്‍ട്ടി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് കവിത നേരത്തേ കെസിആറിന് കത്തെഴുതിയിരുന്നു.
കെടിആറിന്റെ നേതൃത്വത്തെ കവിത പരസ്യമായി ചോദ്യം ചെയ്തതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. തെലങ്കാന ജാഗ്രതിയുടെ പുതിയ ഓഫീസ് കവിത ആരംഭിച്ചത് ബിആര്‍എസുമായി അകലുകയാണെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha