വീണ്ടും ന്യൂനമർദ്ദം... വെള്ളിയാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി ആന്ധ്രാ- ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ്

ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം വെള്ളിയാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി ആന്ധ്രാ- ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത. നിലവിൽ കേരളത്തിന് ഭീഷണിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . എങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് പ്രവചിക്കുകയും ചെയ്തു.
പതിവിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നത് വൈകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട പുതിയ ന്യൂനമർദ്ദം ഒക്ടോബർ ആദ്യ ആഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ സജീവമായി നിലനിർത്തുമെന്നും മുന്നറിയിപ്പിലുണ്ട്.
വടക്കുകിഴക്കൻ മൺസൂണാണ് കേരളത്തിന്റെ തുലാവർഷം. തുലാമാസത്തിൽ തുടങ്ങുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മഴക്കാലമാണിത്. ഒക്ടോബർ മുതൽ ഡിസംബർ വരെ ഇത് നീളും. ഡിസംബർ അവസാനത്തോടെ മഴയ്ക്ക് ശക്തി കുറഞ്ഞു തുടങ്ങുകയും ചെയ്യും. ഒക്ടോബറിലാണ് കൂടുതൽ മഴ ലഭിക്കുക.
ഗുജറാത്ത് തീരം, വടക്കു കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, ആന്ധ്രപ്രദേശ് തീരം, ഒഡീഷ, പശ്ചിമ ബംഗാൾ, തമിഴ്നാട് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
"
https://www.facebook.com/Malayalivartha
























