അജ്ഞതയുടെ ഇരുൾ നീക്കി അറിവിന്റെ പ്രകാശത്തിലേക്ക്.... വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നു...

അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്ന വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നു.
ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരത്തിന്റെ അമൃത് നുകരുന്ന വിജയദശമി ഇന്ന് . ജില്ലയിലെ ക്ഷേത്രങ്ങളിൽ നവരാത്രി ഉത്സവത്തിന്റെയും വിദ്യാരംഭത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. അജ്ഞതയുടെ ഇരുൾ നീക്കി അറിവിന്റെ പ്രകാശം ചൊരിയുന്ന വിജയദശമിയെ വരവേറ്റ് കുരുന്നുകൾ.
ക്ഷേത്രങ്ങളിൽ കുമാരിപൂജ, മാതൃപൂജ, സരസ്വതീപൂജ, ദുർഗാപൂജ ദേവീഭാഗവതം, ദേവീമാഹാത്മ്യം പാരായണവും ദേവീസഹ്രനാമം ജപവും നടക്കുന്നുണ്ട്. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ ബ്രാഹ്മണ സമൂഹം ബൊമ്മക്കൊലു ഒരുക്കി. നൃത്തത്തിന്റെയും ആരാധനയുടേയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്നതാണ് ഈ ഉത്സവം. ധർമ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റേയും സന്ദേശമാണ് ഈ ഉൽസവത്തിലൂടെ നമുക്ക് നൽകുന്നത്.
മഹിഷാസുരൻ, ചണ്ഡാസുരൻ, രക്തബീജൻ, ശുഭനിശുംഭന്മാർ, ധൂമ്രലോചനൻ, മുണ്ഡാസുരൻ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതിൽ നേടിയ വിജയവും ആണ് കേരളത്തിൽ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നൽകുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. കൊല്ലൂർ മൂകാംബികയിലെ നവരാത്രി,വിജയദശമി ആഘോഷങ്ങൾ, മൈസൂരിലെ ദസ്സറ ആഘോഷങ്ങൾ എന്നിവയും പേരുകേട്ടതാണ്.
വടക്കെ ഇന്ത്യയിൽ ഹിമാചലിലെ കുളു ദസ്സറ, മൈസൂർ ദസ്സറ പോലെ പേരു കേട്ടതാണ്. വടക്കെ ഇന്ത്യയിൽ രാംലീലക്കാണ് ഈ ആഘോഷങ്ങളിൽ പ്രാധാന്യം. എന്നാൽ കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിൽ ഇത് ദുർഗ്ഗാ പൂജയായിട്ടാണ് ആഘോഷിക്കുന്നത്.
ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുർഗ്ഗാദേവിയുടെ വലിയ രൂപങ്ങൾ കെട്ടിയൊരുക്കുന്നു. വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ വിഗ്രഹങ്ങളെ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു. നവരാത്രിയുടെ ഒന്നാമത്തെ ദിവസം ആയുധപൂജാ ദിനമായും സരസ്വതി പൂജാ ദിനമായും ആചരിക്കുന്നു.
അതേസമയം പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. മൂന്നുമണിക്ക് നടതുറന്ന് നാലുമണി മുതലാണ് കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്നത്.
സരസ്വതി മണ്ഡപത്തിന് സമീപത്തായി ഉച്ചയ്ക്ക് 12.30 വരെയാണ് ചടങ്ങുകൾ. വിദ്യാരംഭ ചടങ്ങുകളിലും ഇന്നലെ നടന്ന രഥോത്സവത്തിലും ആയിരക്കണക്കിന് മലയാളികളാണ് പങ്കെടുക്കുന്നത്. വൈകിട്ട് വിജയോത്സവത്തോടെയാണ് കൊല്ലൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് സമാപനമാവുക.
https://www.facebook.com/Malayalivartha
























