പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജ് അന്തരിച്ചു

പ്രശസ്ത മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളുരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. അരനൂറ്റാണ്ടു കാലം ഇന്ത്യയിലും വിദേശത്തുമായി മാദ്ധ്യമ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ടി.ജെ.എസ്. പൊളിറ്റിക്കല്‍ കോളമിസ്റ്റ്, ജീവചരിത്രകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. .മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ. എസ്. ജോര്‍ജിന്റെ ജനനം. പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് അദ്ദേഹത്തിന്റെ കുടുംബവേരുകള്‍.
ഇംഗ്ലീഷ് സാഹിത്യത്തില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഓണേഴ്‌സ് ബിരുദം കരസ്ഥമാക്കിയ ടി.ജെ.എസ് 1950 ല്‍ ബോംബെയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ചു. പിന്നീട് ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റിയൂട്ട്, ദി സെര്‍ച്ച്‌ലൈറ്റ്, ഫാര്‍ ഈസ്‌റ്റേണ്‍ എക്കണോമിക് റിവ്യൂ എന്നിവയില്‍ മാദ്ധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ഹോംങ്കോംഗില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. സമകാലിക മലയാളം വാരികയുടെ എഡിറ്റോറിയല്‍ ഉപദേഷ്ടാവായിരുന്നു.
സ്വതന്ത്രഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്. പട്‌നയില്‍ സെര്‍ച്ച്‌ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരിക്കുമ്പോഴാണ് അതുണ്ടായത്. പ്രതിരോധമന്ത്രി വി.കെ കൃഷ്ണമേനോനാണ് അദ്ദേഹത്തിന്റെ കേസ് വാദിക്കാന്‍ അന്ന് പട്‌നയിലെത്തിയത്. വി.കെ കൃഷ്ണമേനോന്‍, എം.എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീക്വാന്‍ യ്യൂ തുടങ്ങിയവരുടെ ജീവചരിത്രങ്ങളും സ്വന്തം ഓര്‍മക്കുറിപ്പുകളായ ഘോഷയാത്രയും ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതു ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 2011 ല്‍ രാജ്യം പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 2017ല്‍ സ്വദേശാഭിമാനി പുരസ്‌കാരവും ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha
























