സീറോ ആക്സിഡൻറ് എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിച്ചിട്ടും അപകടങ്ങൾ തുടരുന്നു; ബഹുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്ക്കരണം നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി

വൈദ്യുതി വേലികളില്‍ നിന്നും ലോഹത്തോട്ടി, ലോഹഏണി എന്നിവയുടെ ഉപയോഗത്തിലൂടെ വൈദ്യുതാഘാതമേറ്റ് മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി . ഈ സാഹചര്യത്തില്‍ ബഹുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്ക്കരണം നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. വൈദ്യുതി അപകടങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ഇ.ബി. സംസ്ഥാനത്തെ മുഴുവന്‍ വിതരണ വിഭാഗം സര്‍ക്കിളുകളിലും സംഘടിപ്പിച്ചിരുന്ന സേഫ്റ്റി കോണ്‍ക്ലേവിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സീറോ ആക്സിഡൻറ് എന്ന ലക്ഷ്യം മുൻനിർത്തി നാം പ്രവർത്തിച്ചുവരുന്നു എന്നിട്ടും അപകടങ്ങൾ തുടരുകയാണ് 2020-ല്‍ 587, 2021-ൽ 653, 2022-ൽ 609, 2023-ല്‍ 516, 2024-ല്‍ 652 എന്നിങ്ങനെയാണ് വൈദ്യുതി അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. വൈദ്യുതി ജീവനക്കാർക്കും, കരാർ തൊഴിലാളികൾക്കും മാത്രമല്ല നിരവധിയായ സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വൈദ്യുതി അപകടങ്ങളിലൂടെ മരണം സംഭവിച്ചിട്ടുണ്ട്.
വൈദ്യുതി വേലികളിൽ നിന്നും ഉണ്ടാവുന്ന മരണം അടുത്തകാലത്തായി വർധിച്ചുവരുന്നുണ്ട്. ഈ മാർച്ചിൽ അവസാനിച്ച ഒരു വർഷത്തിനിടെ സംസ്ഥാനത്ത് അനധികൃത വൈദ്യുത വേലികളില്‍ നിന്നും വൈദ്യുതാഘാതമേറ്റ് 24 പേരാണ് മരണപ്പെട്ടത്. ഇത്തരം അപകടങ്ങളില്‍ കഴിഞ്ഞ വർഷം 16 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു.
അപകടം സൃഷ്ടിക്കുന്നത് എല്ലാം തന്നെ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലികളില്‍ നിന്നുമാണ്. കര്‍ഷകരെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതിയോടെയുള്ള ഫെന്‍സ് എനർജൈസറുകൾ സ്ഥാപിക്കാൻ പ്രേരിപ്പിക്കണമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha