നല്ല കാര്യത്തില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അതിന്റെ ഭാഗമാവുക : വ്യാപാരികളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പാളയം പഴംപച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ച വ്യാപാരികളെയും തൊഴിലാളികളെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പുതിയ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യവേയാണ് പ്രതിഷേധം. നല്ലതിനെ അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസമാണെന്നും നല്ല കാര്യങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി പങ്കെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന സമയത്താണ് വ്യാപാരികള്‍ പ്രതിഷേധവുമായി എത്തിയത്.
'നല്ല കാര്യങ്ങള്‍ അംഗീകരിച്ചാല്‍ എന്തോ പ്രയാസം വരുമെന്ന് ചിന്തിക്കുന്ന തരത്തിലേക്ക് ചിലയാളുകള്‍ മാറുകയാണ്. നല്ല കാര്യത്തില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അതിന്റെ ഭാഗമാവുക എന്നതാണ് പ്രധാനം. എന്നാല്‍, ഞങ്ങളില്ല എന്ന് ഒരു കൂട്ടര്‍ മുന്‍കൂറായി പറയുകയാണ്. നാടിന്റെ ഒരു നല്ല കാര്യത്തെ അംഗീകരിക്കാതെ തള്ളിപ്പറയുന്നതിനു പിന്നിലെ ചേതോവികാരമെന്താണ്,' മുഖ്യമന്ത്രി ചോദിച്ചു. ഈ പദ്ധതി ഇന്നലെ തുടങ്ങി ഇന്നു പൂര്‍ത്തിയായതല്ലെന്നും എല്ലാ കാര്യത്തെയും എതിര്‍ക്കാനല്ല പ്രതിപക്ഷത്തിന്റെ കടമയെന്നും നല്ല കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ അതിനോട് ഒപ്പം നില്‍ക്കാനും അവര്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാളയത്തെ മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്കു മാറ്റുമ്പോള്‍ തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളൊന്നും പരിഹരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരികളും തൊഴിലാളികളും പ്രതിഷേധിച്ചത്. പുതിയ മാര്‍ക്കറ്റിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണെന്നും, പുതിയ കെട്ടിടത്തിലെ കടകളില്‍ പഴങ്ങളും പച്ചക്കറിയും വേഗത്തില്‍ ചീഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നും തൊഴിലാളികള്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ പാളയം മാര്‍ക്കറ്റ് ഒരു കാരണവശാലും ഇപ്പോഴത്തെ സ്ഥലത്തുനിന്നും മാറ്റരുതെന്നും, പകരം നിലവിലുള്ള മാര്‍ക്കറ്റ് വികസിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
https://www.facebook.com/Malayalivartha