അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്

ലുലു ഗ്രൂപ്പ് നടത്തിയ ഭൂമിയിടപാട് അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമി വില്‍പ്പനയായി മാറി. ഗുജറാത്തിലെ ഗാന്ധിനഗറിലെ ചന്ദ്‌ഖേഡയില്‍ 519.41 കോടി രൂപയ്ക്ക് 16.35 ഏക്കര്‍ (66,168 ചതുരശ്ര മീറ്റര്‍) ഭൂമിയാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്. ലുലുവിന്റെ ഒറ്റ ഇടപാടിലൂടെ അക്ഷരാര്‍ത്ഥത്തില്‍ ബമ്പറടിച്ചത് സര്‍ക്കാരിനാണ്.
ഈ ഒറ്റ ഇടപാടിലൂടെ സര്‍ക്കാരിന് 31 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി വരുമാനമാണ് ലഭിച്ചത്. ഇത് അഹമ്മദാബാദിലെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന മുദ്രപത്ര വരുമാനമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. സബര്‍മതി സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഈ വില്‍പ്പന, തുകയുടെയും സ്റ്റാമ്പ് ഡ്യൂട്ടിയുടെയും കാര്യത്തില്‍ അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാടാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2024 ജൂണ്‍ 18 ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ലേലത്തിലൂടെയാണ് ലുലു ഈ ഭൂമി വാങ്ങിയത്. ചതുരശ്ര മീറ്ററിന് 78,500 രൂപ നിരക്കില്‍ വാങ്ങിയ ഈ ഭൂമി, 99 വര്‍ഷത്തെ ലീസിന് പകരം നേരിട്ടുള്ള വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ടൗണ്‍ പ്ലാനിങ് സ്‌കീമിന്റെ ചട്ടങ്ങള്‍ പാലിച്ച് നടന്ന ഈ വില്‍പ്പന, നഗരത്തിലേക്ക് വലിയ നിക്ഷേപം ആകര്‍ഷിക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുമുമ്പ് 300 ഉം 400 ഉം കോടികളുടെ ഭൂമി ഇടപാടുകള്‍ അഹമ്മദാബാദ് നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, 500 കോടി രൂപയ്ക്ക് മുകളിലുള്ള ഇടപാട് ഇതാദ്യമാണെന്നും ഉദ്യോഗസ്ഥര്‍ വിവരിച്ചു.
https://www.facebook.com/Malayalivartha