ഞാന്‍ മരിക്കുമ്പോള്‍ പടക്കവില്‍പനയ്ക്കും മറ്റുമുള്ള ലൈസന്‍സ് എന്റെ ചിതയിലേക്ക് ഇടണം. എന്റെ മക്കളെ പടക്കനിര്‍മാണവുമായി ബന്ധപ്പെടുത്താന്‍ എനിക്ക് ഇഷ്ടമല്ല

ജീവന്‍ പണയപ്പെടുത്തിയുള്ള പണിയാണെന്നറിഞ്ഞ് തന്നെയാണ് പടക്കനിര്‍മാണവുമായി സുരേന്ദ്രന്‍ മുന്‍പോട്ട് പോയിരുന്നത് പക്ഷെ തന്റെ മക്കളെ ഈ തൊഴിലിറക്കാന്‍ അദ്ദേഹം ഇഷട്ടപ്പെട്ടിരുന്നില്ല. ''ഞാന്‍ മരിക്കുമ്പോള്‍ പടക്കവില്‍പനയ്ക്കും മറ്റുമുള്ള ലൈസന്‍സ് എന്റെ ചിതയിലേക്ക് ഇടണം. എന്റെ മക്കളെ പടക്കനിര്‍മാണവുമായി ബന്ധപ്പെടുത്താന്‍ എനിക്ക് ഇഷ്ടമല്ല.'' പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന കഴക്കൂട്ടം സുരേന്ദ്രന്‍ ആറു മാസം മുമ്പു സുഹൃത്തിനോടു പറഞ്ഞതാണിത്.
കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ആശാന്‍മാരില്‍ ഒരാളായ കഴക്കൂട്ടം അര്‍ജുനന്‍ ആശാന്റെ ശിഷ്യന്‍മാരില്‍ ഒരാളാണു കഴക്കൂട്ടം സുരേന്ദ്രന്‍. ആശാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കഴക്കൂട്ടം തെക്കേമുക്ക് ശാന്തിനിവാസില്‍ സുരേന്ദ്രന്‍ മുപ്പതു വര്‍ഷം മുമ്പാണ് കഴക്കൂട്ടത്തു പടക്കക്കട തുടങ്ങിയത്. കുറെക്കാലം കച്ചവടം നടത്തിയശേഷം ഗള്‍ഫില്‍ പോയി തിരികെ വന്നിട്ടാണ് കഴക്കൂട്ടത്ത് മഹാദേവ ബില്‍ഡിങ് എന്ന കെട്ടിടം നിര്‍മിച്ചു പടക്കനിര്‍മാണ ലൈസന്‍സും പടക്കവില്‍പന ലൈസന്‍സും സമ്പാദിച്ചത്.
ഇപ്പോള്‍ പടക്കനിര്‍മാണത്തിനുള്ള ലൈസന്‍സ് മകന്‍ ഉമേഷിന്റെ പേരിലും പടക്കവില്‍പനയ്ക്കുള്ള ലൈസന്‍സ് മകള്‍ തുഷാരയുടെ പേരിലുമാണ്. ഉത്സവങ്ങള്‍ക്കും മറ്റുമുള്ള മാലപ്പടക്കങ്ങളാണു കൂടുതലും വില്‍പന നടത്തുന്നത്. അടുത്തകാലത്തായി വളരെ ചെറിയ വെടിക്കെട്ടുകള്‍ക്കു മാത്രം കരാറെടുക്കുന്ന സുരേന്ദ്രന്‍ തന്റെ ആശാന്റെ ആഗ്രഹപ്രകാരമാണ് പുറ്റിങ്ങലില്‍ വലിയ വെടിക്കെട്ടിനു കരാറെടുത്തത്.
പതിനഞ്ചു വര്‍ഷം മുമ്പു പടക്കം നിര്‍മിക്കുമ്പോള്‍ കയ്യിലിരുന്നു പൊട്ടിയതിനെത്തുടര്‍ന്ന് മൂത്തമകന്‍ ഉമേഷിന്റെ ഇടത്തേ കൈപ്പത്തി പൂര്‍ണമായും നഷ്ടപ്പെട്ടു. തുടര്‍ന്നു പടക്കനിര്‍മാണത്തില്‍നിന്നു മാറ്റിനിര്‍ത്താനായി കഴക്കൂട്ടത്തു ബേക്കറി ഇട്ടുകൊടുത്തിരുന്നു. ബേക്കറി നഷ്ടത്തിലായതിനെത്തുടര്‍ന്നു പൂട്ടി.
അതിനുശേഷമാണ് ഉമേഷ് വീണ്ടും പടക്കനിര്‍മാണത്തിലേക്കു വരുന്നത്. പിന്നീടു മറ്റൊരു മകന്‍ ദീപുവിനെ ഗള്‍ഫിലേക്ക് അയച്ചു. അടുത്തകാലത്താണ് ദീപു ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയത്. വെടിക്കെട്ടില്‍ അച്ഛനെയും സഹോദരന്‍ ഉമേഷിനെയും സഹായിക്കാന്‍ പോയ ദീപുവിനും പരുക്കേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha