സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും

സംസ്ഥാനത്ത് പാല്‍ വില ലിറ്ററിന് 4 മുതല്‍ 6 രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് മാസം മുന്‍പ് തന്നെ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതിന് ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. പാല്‍ വില വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്ന് മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ പച്ചക്കൊടി ലഭിക്കാതെ ഏകപക്ഷീയമായി വില കൂട്ടാന്‍ മില്‍മയ്ക്ക് സാധിക്കില്ല എന്ന സാങ്കേതിക തടസ്സമാണ് നിലവിലുള്ളത്.
വില വര്‍ദ്ധന തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭാരവാഹികള്‍ പട്ടത്തെ മില്‍മ ആസ്ഥാനത്ത് പ്രതിഷേധം രേഖപ്പെടുത്തി. വില വര്‍ദ്ധന നടപ്പിലാക്കാത്തത് സാധാരണക്കാരായ കര്‍ഷകരെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്നുവെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ആറ് മാസം മുന്‍പ് കൈക്കൊണ്ട തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് കര്‍ഷകരോടുള്ള അവഗണനയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ മില്‍മയുടെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാതിരുന്നതെന്നാണ് സൂചന.എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ മില്‍മയുടെ ശുപാര്‍ശ വീണ്ടും പരിഗണനയ്ക്ക് വരികയും പാല്‍ വിലയില്‍ മാറ്റം ഉണ്ടാവുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























