ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷുപ്പുലരി ഇന്ന്, വിഷു കാഴ്ചയും കൈനീട്ടവുമായി മലയാളികള്‍ സന്തോഷത്തോടെ വിഷുപ്പുലരിയെ വരവേറ്റു

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷുപ്പുലരി ഇന്ന്. ഐശ്വര്യക്കാഴ്ചകള്‍ കണി കണ്ട് മലയാളികള്‍ വിഷുവിനെ സന്തോത്തോടെ വരവേറ്റു. വിഷുവിനായി വിഭവങ്ങള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ ഏവരും. ഓട്ടുരുളിയില്‍ കണിക്കൊന്നപ്പൂവും കണിവെള്ളരിയും സ്വര്‍ണവും ഇതര കാര്‍ഷിക വിഭവങ്ങളും ചേര്‍ന്ന് ഐശ്വര്യക്കാഴ്ച മനസു നിറയെ കണ്ടുണരാന്‍ വീടുകളില്‍ വിഷുക്കണി ഒരുക്കിയിരുന്നു. വിഷുപ്പുടവയും വിഷുക്കാഴ്ചയും വിഷുക്കൈനീട്ടവുമായി മലയാളികള്‍ സന്തോഷത്തിന്റെ വിഷുപ്പുലരിയെ സ്വീകരിച്ചു.
മലയാളിയുടെ മനസ്സില്‍ പതിയുന്ന പുതുവര്‍ഷം മേടം ഒന്നു തന്നെയാണ്. ചിങ്ങം ഒന്നും ഈ പദവി നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആചാരത്തെളിമയുടെ പ്രകാശം ചൊരിയുന്ന വിഷുക്കണിയും കൈനീട്ട(കൈനേട്ടം)ത്തിന്റെ സമ്പന്നതയും കൊന്നയുടെയും മൂത്തു പഴുത്ത വെള്ളരിയുടെയും സ്വര്‍ണ നിറവും മലയാളി കണ്ണുതുറന്നു കാണുന്നതു വിഷുവിനാണ്.
ഇവിടെ കൈനീട്ടമെന്ന ദാനം ഉള്ളവന്‍ ഇല്ലാത്തവനു നല്‍കുന്നതല്ല. തുല്യതയുടെ, മൂപ്പിളപ്പത്തിന്റെ പങ്കുവയ്പാണ്. ഇതുപോലെയൊരു പുതുവര്‍ഷ സംസ്‌കാരം ലോകത്ത് ഒരിടത്തും ഇല്ല. തേച്ചു മിനുക്കി സ്വര്‍ണത്തേക്കാള്‍ തിളക്കം നേടിയ ഓട്ടുരുളിയും നിലവിളക്കും. അഞ്ചു തിരിയിട്ട വിളക്കിന്റെ വെട്ടം ഇതില്‍ പ്രതിഫലിക്കും. എന്നിട്ടും മലയാളിക്കു വെളിച്ചത്തോടുള്ള കൊതി മാറുന്നില്ല, നല്ല അകക്കാമ്പുള്ള ഇരുമുറി തേങ്ങയില്‍ നേര്‍മയുള്ള വെളിച്ചെണ്ണ പകര്‍ന്ന് അതില്‍ അരി ചെറുകിഴി കെട്ടി അതിലാണു നാളം പകരുന്നത്. അതു പന്തംപോലെ കത്തുമ്പോളാണു മേടം ഒന്നു പിറക്കുന്നത്.
അമ്മമാര്‍ കണ്ണുപൊത്തി കൊണ്ടുവരുന്ന കുഞ്ഞുങ്ങള്‍ ഇഷ്ടദേവതയെ കാണും. മുതിര്‍ന്നവര്‍ സ്വയം കണ്ണുപൊത്തി മുന്നിലേക്കു വരും. ഓരോ വീട്ടിലും ഒരാള്‍ ഒഴികെ എല്ലാവരും കണി കാണും. കണി ഒരുക്കുന്ന അമ്മ അല്ലെങ്കില്‍ അമ്മൂമ്മ മാത്രം അന്നു കണി കാണുന്നത് ഇരുട്ടിനെയാണ്. ആ ഇരുട്ടില്‍ അവരാണു മറ്റുള്ളവര്‍ക്കു കാണാനുള്ള വെളിച്ചവും ഐശ്വര്യവും ഒരുക്കുന്നത്. മുതിര്‍ന്നവരും കുട്ടികളും കണി കണ്ടു കഴിഞ്ഞാല്‍ ഓട്ടുരുളിയുമായി അമ്മ വീടിനു പുറത്തിറങ്ങി തൊഴുത്തിലേക്കു ചെല്ലും പശുവിനെയും കാളയെയും കണി കാണിക്കും. ഐശ്വര്യം മനുഷ്യനു മാത്രമല്ലെന്ന വലിയ സന്ദേശമാണിത്.
വിഷുക്കണി കഴിഞ്ഞാല്‍ പ്രധാനം വിഷു സദ്യയാണ്. കാളനും ഓലനും സാമ്പാറും അവിയലും പായസവും ഒക്കെ കൂട്ടിയുള്ള വിഭവ സമൃദ്ധമായ സദ്യ. വിഭവങ്ങള്‍ വാങ്ങാനുള്ള തിരക്കിലായിരുന്നു ഇന്നലെ വീട്ടമ്മമ്മാര്‍.
ഫലം തന്നു കഴിഞ്ഞ വേനല്‍ കൃഷിയുടെ പ്രതീകമാണു വെള്ളരിയും മാമ്പഴവും. വേനല്‍ അടങ്ങി മഴ വീഴുമ്പോള്‍ വിതയ്ക്കാന്‍ ഒരുങ്ങുന്ന കൃഷിയുടെ പ്രതീകമാണു നെല്‍വിത്ത്. അങ്ങിനെ സമ്പൂര്‍ണമായ കാര്‍ഷിക സംസ്‌കാരത്തിന്റെ ആഘോഷം കൂടിയാവുന്നു മലയാളിയുടെ വിഷു.
മലയാളി വാര്‍ത്തയുടെ പ്രിയ വായനക്കാര്‍ക്ക് ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍
ടീം മലയാളി വാര്‍ത്ത
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha