നിപയെ അതിജീവിച്ച് ഫറോക്ക് സ്വദേശി ജീവിതത്തിലേക്ക്

നിപ വൈറസ് ബാധയെത്തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായിരുന്ന 43കാരന്‍ ആരോഗ്യവാനായി ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ഫറോക്ക് സ്വദേശിയെ വെള്ളിയാഴ്ചയാണ് (ഇന്ന്) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഓര്‍മശക്തിയുള്‍പ്പെടെ സാധാരണ നിലയിലായിരുന്നു. പരസഹായമില്ലാതെ നടന്നാണ് രോഗി മടങ്ങിയത്. കഴിഞ്ഞ ദിവസം എടുത്ത എം.ആര്‍.ഐ സ്‌കാനില്‍ നേരത്തെ തലച്ചോറിലെ തകരാറുകള്‍ കുറഞ്ഞതായും കണ്ടെത്തി.
ക്ലീനിങ് സ്റ്റാഫ് മുതല്‍ ഡോക്ടര്‍മാര്‍വരെയുള്ള ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് നിപ രോഗിയുടെ രോഗമുക്തിയെന്നും രോഗിയുടെ ജീവന്‍ രക്ഷിക്കാനായതില്‍ ആരോഗ്യവകുപ്പിലെ ഓരോ ജീവനക്കാരനും അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു. ഇക്കുറി നിപയില്‍ ഒരു ജീവന്‍പോലും പൊലിയാതിരിക്കാന്‍ കൂട്ടായ പരിശ്രമം നടത്തിയ ആരോഗ്യപ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു.
പനിയും തൊണ്ടവേദനയും ശരീരവേദനയുമായി ജൂണ്‍ ഒന്നിന് ഫറോക്കിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് രോഗി ആദ്യമായി ചികിത്സ തേടിയത്. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ക്ഷീണം, സംസാരത്തിന് വ്യക്തതക്കുറവ്, സ്ഥലകാലബോധക്കുറവ് എന്നിവയോടെ ജൂണ്‍ ഏഴിന് വീണ്ടും അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 2026 ജൂണ്‍ എട്ടിന് രോഗിയെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂണ്‍ ഒന്‍പതിന് രാത്രിയോടെ സ്ഥിതി വഷളായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എം.ആര്‍.ഐ. സ്‌കാനില്‍ മസ്തിഷ്‌കത്തില്‍ അണുബാധമൂലമുള്ള കേടുപാടുകള്‍ കണ്ട സാഹചര്യത്തില്‍ അവിടെ നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ നിപ വൈറസ് ബാധ സംശയിച്ചു. തുടര്‍ന്ന് സാമ്പിള്‍ പുണെയിലേക്ക് അയച്ചാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ രോഗിയെ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജൂണ്‍ 11ന് പുലര്‍ച്ചെ രോഗിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റേയും സൂപ്രണ്ടിന്റേയും നേതൃത്വത്തില്‍ ചികിത്സ നിരീക്ഷിക്കുന്നതിനായി ആശുപത്രിയില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചു.
മോണോക്ലോണല്‍ ആന്റിബോഡി ജൂണ്‍ 12, 14 തീയതികളില്‍ രണ്ട് ഡോസ് വീതം നല്‍കി. റെംഡെസിവിര്‍, റിബാവിറിന്‍, ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ കൃത്യമായി നല്‍കി. ഒന്നരമാസത്തോളം രോഗി വെന്റിലേറ്റര്‍ സഹായത്തില്‍ തുടര്‍ന്നു. കാര്‍ഡിയോളജി, ന്യൂറോളജി, പള്‍മണോളജി, ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗങ്ങളിലെ വിദഗ്ധരും രോഗിയുടെ സ്ഥിതി നിരന്തരം വിലയിരുത്തി. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞതോടെ പ്ലേറ്റ്‌ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ നല്‍കി. ഹീമോഗ്ലോബിന്‍ കുറഞ്ഞതിനാല്‍ പി.ആര്‍.ബി.സി. ട്രാന്‍സ്ഫ്യൂഷന്‍ നല്‍കി. തുടര്‍ന്ന് ക്രമാനുഗതമായി ബോധനില മെച്ചപ്പെട്ടു. സ്വയം ശ്വസിക്കാന്‍ തുടങ്ങി.
മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ തൊണ്ടയിലെയും മൂക്കിലെയും സ്രവം, രക്തം, മൂത്രം എന്നിവ അഞ്ചുദിവസത്തെ ഇടവേളകളില്‍ ആവര്‍ത്തിച്ച് പരിശോധിച്ചപ്പോള്‍ നിപ നെഗറ്റീവായി. ജൂലൈ 4ന് രോഗിയെ ഐസൊലേഷന്‍ ഐ.സി.യു.വില്‍നിന്ന് ട്രാന്‍സിറ്റ് ഐ.സി.യു.വിലേക്ക് മാറ്റി. ജൂലൈ 31ന് രോഗിയെ റൂമിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്.
https://www.facebook.com/Malayalivartha


























