കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങള്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കുമെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് കേരള പൊലീസ്. കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് അനീഷിനെതിരെ മരട് പൊലീസ് കാപ്പ ചുമത്തിയത്. തുടര്‍ന്ന് ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കേരളത്തിലും തമിഴ്‌നാട്ടിലുമായി അമ്പതോളം കേസുകളില്‍ പ്രതിയാണ് അനീഷ്. കഴിഞ്ഞ മാസം ഒരു സ്പായിലെത്തി ഭീഷണിപ്പെടുത്തിയെന്ന കേസും അനീഷിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പ്രതിയായതോടെ മൈസൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. 2023ലും അനീഷിനെ പൊലീസ് കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു.
ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആരംഭിച്ച പ്രത്യേക പരിശോധനാ ഡ്രൈവായ ഓപ്പറേഷന്‍ ഗ്രിപ്പ് സംസ്ഥാനത്തുടനീളം നടപ്പാക്കുകയാണ്. ഓഗസ്റ്റ് 8 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലായി 10,519 സാമൂഹികവിരുദ്ധരെയാണ് പൊലീസ് കര്‍ശന നിരീക്ഷണ വലയത്തിലാക്കിയത്. ക്രിമിനല്‍ സംഘങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും അക്രമസംഭവങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുമാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ആഭ്യന്തര വകുപ്പ് മന്ത്രിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഭീഷണി മുഴക്കി ഒളിവില്‍ കഴിഞ്ഞിരുന്ന നിരവധി കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ പിടികൂടുകയെന്ന പ്രാരംഭ ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് 8ന് ഈ പ്രത്യേക ഡ്രൈവിന് തുടക്കമിട്ടത്. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ വലയിലാക്കാന്‍ പൊലീസിന് കഴിഞ്ഞു. എന്നാല്‍ ഇയാളുടെ അറസ്‌റ്റോടെ നടപടികള്‍ അവസാനിപ്പിക്കാതെ, സംസ്ഥാനത്തെ ഗുണ്ടാക്രിമിനല്‍ മാഫിയകളെ പൂര്‍ണ്ണമായി അമര്‍ച്ച ചെയ്യുന്നതുവരെ ഓപ്പറേഷന്‍ ഗ്രിപ്പ് ഊര്‍ജ്ജിതമായി തുടരാന്‍ എഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു.
പരിശോധനകളുടെ ഭാഗമായി വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായി ഒളിവില്‍ കഴിഞ്ഞിരുന്ന 158 പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കൂടാതെ, ജാമ്യത്തിലിറങ്ങി വ്യവസ്ഥകള്‍ ലംഘിച്ച 47 പേര്‍ക്കെതിരെ കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ്, ഇതില്‍ രണ്ടുപേരുടെ ജാമ്യം റദ്ദാക്കിക്കുകയും ചെയ്തു. സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ശക്തമായ തുടര്‍നടപടികള്‍ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് ക്രമസമാധാന വിഭാഗം എഡിജിപി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























