പ്രസവസമയത്ത് 21കാരിയുടെ ഉള്ളില്‍ വെച്ച പഞ്ഞി എടുത്തില്ലെന്ന് പരാതി

താലൂക്കാശുപത്രിയില്‍ പ്രസവസമയത്ത് 21കാരിയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ വെച്ച പഞ്ഞി എടുത്തുമാറ്റാത്തതിനെത്തുടര്‍ന്നുണ്ടായ വേദനയുമായി യുവതി കഴിഞ്ഞത് ഒന്നര മാസം. കടപ്പുറം മുനയ്ക്കക്കടവ് സ്വദേശിയാണ് താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.
പ്രസവസമയത്ത് രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് പഞ്ഞി വെച്ചതെന്നും രക്തസ്രാവം നിന്നപ്പോള്‍ പഞ്ഞി നീക്കംചെയ്‌തെന്നും പ്രസവമെടുത്ത ഡോ. ഡിറ്റോ ടോം വിശദീകരിച്ചു. പിന്നീട് എന്തു സംഭവിച്ചെന്നറിയില്ല. തന്റെ കൂടെയുണ്ടായിരുന്ന അസിസ്റ്റന്റുമാരാണ് പഞ്ഞി വെച്ചതും നീക്കംചെയ്തതുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണമാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ഓഫീസര്‍ക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ. ഷാജ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കി. ഡി.എം.ഒ. നിയോഗിച്ച സംഘം ആശുപത്രിയിലെത്തി അടുത്ത ദിവസം അന്വേഷണം നടത്തും.
ഓഗസ്റ്റ് 18ന് രാവിലെയാണ് ചാവക്കാട് താലൂക്കാശുപത്രിയില്‍ യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. അവര്‍ പറയുന്നതിങ്ങനെ: '' ശസ്ത്രക്രിയ അല്ലാതിരുന്നതിനാല്‍ വാര്‍ഡിലേക്കു മാറ്റി. മണിക്കൂറിനുള്ളില്‍ രക്തസ്രാവമുണ്ടായി. വീണ്ടും ലേബര്‍മുറിയിലേക്കു മാറ്റി. മുറിവുകള്‍ തുന്നിക്കെട്ടിയത് നീക്കി അവിടെയുണ്ടായിരുന്ന പഞ്ഞി പുറത്തെടുത്തു. എന്നാല്‍, ആശുപത്രി വിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വേദനയും ദുര്‍ഗന്ധവും മാറിയില്ല. 10 ദിവസത്തിനുശേഷം വീണ്ടും താലൂക്കാശുപത്രിയിലെത്തി പ്രസവമെടുത്ത ഡോക്ടറെ കണ്ടു.
പഴുപ്പാണെന്നു പറഞ്ഞ് പലതരം മരുന്നുകള്‍ എഴുതിനല്‍കിയതല്ലാതെ ശാരീരികാസ്വസ്ഥത മാറിയില്ല. സെപ്റ്റംബര്‍ 29ന് വീട്ടുകാര്‍ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് മറ്റൊരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ചപ്പോഴാണ് ജനനേന്ദ്രിയത്തില്‍ പഞ്ഞിയുണ്ടെന്നറിയുന്നത്. പഞ്ഞി മുഴുവനായി അവിടെവെച്ചാണ് നീക്കിയത്.' തന്റെ അവശതയ്ക്കു കാരണക്കാരായവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരന്‍, കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























