കർഷകന് മികച്ച വില- ഉപഭോക്താവിന് ന്യായവില’സന്ദേശമുയർത്തി കൃഷിഭവനുകൾ... സംസ്ഥാനത്തുടനീളം 2,000 ഓണവിപണികൾ

കർഷകർക്ക് ഓണക്കാലത്ത് മികച്ച വിപണിയും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള കാർഷിക ഉൽപന്നങ്ങളും ഉറപ്പാക്കാനായി കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2,000 ഓണവിപണികൾ സംഘടിപ്പിക്കുന്നു. ‘കർഷകന് മികച്ച വില- ഉപഭോക്താവിന് ന്യായവില’സന്ദേശമുയർത്തിയാണ് കൃഷിഭവനുകൾ, വി.എഫ്.പി.സി.കെ, ഹോർട്ടികോർപ് എന്നിവയുടെ നേതൃത്വത്തിൽ ഓണവിപണി ഇടപെടലുളള്ളത്.
ഇടനിലക്കാരുടെ ഇടപെടൽ പരമാവധി കുറച്ച് കർഷകരിൽ നിന്ന് നേരിട്ട് പഴം-പച്ചക്കറികൾ സംഭരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് കർഷക ചന്തകളിലൂടെ ഒരുക്കുന്നത്. പൊതുവിപണിയിലെ മൊത്തവിലയേക്കാൾ 10 ശതമാനം അധികവില നൽകി കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുകയും ചില്ലറവിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യും.
എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും ഉറപ്പാക്കിയിട്ടുണ്ട്. ആകെ 2,000 വിപണികളിൽ 1,074 എണ്ണം കൃഷിവകുപ്പും, 160 എണ്ണം വി.എഫ്.പി.സി.കെയും, 766 എണ്ണം ഹോർട്ടികോർപും സംഘടിപ്പിക്കും.
കൃഷിഭവനുകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, കർഷക കൂട്ടായ്മകൾ, ഇക്കോഷോപ്പുകൾ, ക്ലസ്റ്ററുകൾ, കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് വിപണികൾ പ്രവർത്തിക്കുക.
കർഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് കുടപ്പനക്കുന്ന് കൃഷിഭവൻ അങ്കണത്തിൽ മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവഹിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























