ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം

ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള സിബിഎലിന് നവംബര്‍ 21 ന് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയോടെ സമാപനമാകും.
കൊല്ലം കല്ലട (സെപ്റ്റംബര്‍ 23), ആലപ്പുഴ പാണ്ടനാട് (സെപ്റ്റംബര്‍ 26), തൃശ്ശൂര്‍ കോട്ടപ്പുറം (ഒക്ടോബര്‍ 2), മറൈന്‍ ഡ്രൈവ് (ഒക്ടോബര്‍ 10), എറണാകുളം പിറവം (ഒക്ടോബര്‍ 17), കോട്ടയം താഴത്തങ്ങാടി (ഒക്ടോബര്‍ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബര്‍ 31), ആലപ്പുഴ കൈനകരി (നവംബര്‍ 7), കായംകുളം (നവംബര്‍ 14) എന്നിവയാണ് സിബിഎലിലെ മറ്റ് മത്സരങ്ങള്‍.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെയും വള്ളംകളി പ്രേമികളെയും സിബിഎല്‍ വേദികളിലേക്ക് ആകര്‍ഷിക്കുകയും അതുവഴി കേരളത്തിന്‍റെ അഭിമാനമായ ഈ മത്സരവിനോദത്തെ ആഗോള തലത്തില്‍ ബ്രാന്‍ഡ് ചെയ്യിപ്പിക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് വ്യക്തമാക്കി. കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യവുമായും ഉത്സവാഘോഷങ്ങളുമായി ആഴത്തില്‍ ബന്ധമുള്ള വള്ളംകളിയെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ സിബിഎല്‍ പോലെയുള്ള മത്സരങ്ങളിലൂടെ സാധിക്കും.
സംസ്ഥാനത്ത് ടൂറിസം സീസണ്‍ സജീവമാകുന്ന വേളയില്‍ നടക്കുന്ന സിബിഎല്‍ വള്ളം കളി മത്സരങ്ങള്‍ നേരിട്ട് കാണാന്‍ അവസരമൊരുങ്ങുന്നത് സഞ്ചാരികള്‍ക്ക് മികച്ച അനുഭവമാകും. വള്ളംകളി നടക്കുന്ന സ്ഥലത്തെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കാനും സിബിഎലിലൂടെ സാധിക്കും.
പ്രകൃതിഭംഗിക്ക് പേരുകേട്ട പ്രദേശങ്ങളിലാണ് സിബിഎലിലെ മത്സരങ്ങള്‍ നടക്കുന്നത്. സിബിഎല്‍ ആസ്വദിക്കുന്നതിനൊപ്പം വിനോദസഞ്ചാരികള്‍ക്ക് കേരളത്തിന്‍റെ തനത് ഗ്രാമീണ ഭംഗിയും സാമൂഹിക ജീവിതവും നേരിട്ടറിയാനുമാകും. സംസ്ഥാനത്തെ അനുഭവവേദ്യ ടൂറിസത്തിന് ഉണര്‍വ് നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ സിബിഎല്ലില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവരുടെ വള്ളങ്ങളുടെ പേരില്‍ തന്നെയാവും അറിയപ്പെടും.
സിബിഎലിന്‍റെ നടത്തിപ്പും ഏകോപനവുമായി ബന്ധപ്പെട്ട് ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജു, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ്, ജില്ലാ കലക്ടര്‍മാര്‍, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ പ്രാദേശിക വള്ളംകളികളുടെ പുനരുജ്ജീവനമാണ് സിബിഎലിലൂടെ ടൂറിസം വകുപ്പ് സാധ്യമാക്കുന്നത്. പ്രാദേശികമായി നടന്നിരുന്ന പല വള്ളംകളികളും സിബിഎലിന്‍റെ ഭാഗമാകുന്നതോടെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത ലഭിക്കും. കേരള ടൂറിസത്തിന് ഏറെ മുതല്‍ക്കൂട്ടായ ഉത്പന്നമായാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിനെ സര്‍ക്കാര്‍ കണക്കാക്കുന്നത്. പരമ്പരാഗത വള്ളംകളി പ്രേമികള്‍ക്കൊപ്പം പുതുതലമുറ കൂടി ഈ പരിഷ്കരിച്ച പതിപ്പിനെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























