മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍

ചാര്‍ട്ടേഡ് വിമാനയാത്രയെ ചൊല്ലിയുള്ള വിവാദത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാതെ മുഖ്യമന്ത്രി വിഡി സതീശന്‍. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ സംബന്ധിച്ച അവലോകന യോഗം പൂര്‍ത്തിയാക്കി പുറത്തേക്കെത്തിയ മുഖ്യമന്ത്രിയോട് മാദ്ധ്യമപ്രവര്‍ത്തകര്‍ വിമാനയാത്രയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.
മാദ്ധ്യമപ്രവര്‍ത്തകര്‍ മുന്നില്‍നിന്ന് മാറിനില്‍ക്കണമെന്നും ദേഷ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. താന്‍ ആരെയും കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമപ്രവര്‍ത്തകരെ അവിടെനിന്ന് മാറ്റാന്‍ പൊലീസിനോടും അദ്ദേഹം നിര്‍ദേശിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണെന്നും പരാതികളുമായി എത്തിയവരെ കാണാനാണ് താല്‍പര്യമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയത്. അവലോകന യോഗത്തിന് പിന്നാലെ പൊതുജനങ്ങളില്‍നിന്ന് നിവേദനങ്ങളും കൈപ്പറ്റി.
അതേസമയം, നിലമ്പൂരിലെ മഴക്കെടുതി ബാധിച്ച മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. വിമാനം നല്‍കിയ കേലചന്ദ്ര ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തില്‍നിന്ന് 19,88,595 രൂപയുടെ ബില്‍ ചിപ്‌സണ്‍ ഏവിയേഷനിലേക്ക് നല്‍കിയെന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍ ഈ തുക ചിപ്‌സണ്‍ ഏവിയേഷന്‍ അടച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
ചാര്‍ട്ടേഡ് വിമാനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം ഉപയോഗിക്കുന്നതെന്നും സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേര് വെളിപ്പെടുത്തേണ്ട സാഹചര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നേരത്തെയുള്ള പ്രതികരണം.
ഇതിനിടെ, മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം 80 ലക്ഷം രൂപ നിരക്കില്‍ ചിപ്‌സണ്‍ ഏവിയേഷന്റെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തിരുന്നതും ചര്‍ച്ചയായിട്ടുണ്ട്. കരാര്‍ പിന്നീട് അവസാനിച്ചെങ്കിലും അത് പുതുക്കണമെന്നാവശ്യപ്പെട്ട് കമ്പനി നല്‍കിയ അപേക്ഷ ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് വിവരം. സര്‍ക്കാരുമായി കരാര്‍ പുതുക്കാനുള്ള അപേക്ഷ പരിഗണനയിലിരിക്കെ ബന്ധപ്പെട്ട സ്ഥാപനത്തില്‍നിന്ന് സൗജന്യമായി യാത്രാസൗകര്യം സ്വീകരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനത്തിന് തുല്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
https://www.facebook.com/Malayalivartha























