കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ഉച്ചകഴിഞ്ഞ് 1 മണി മുതൽ വൈകുന്നേരം 5 വരെ ചിന്നക്കട മുതൽ ആറുമുറിക്കട വരെയുള്ള റോഡിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണവും റോഡരികിൽ പാർക്ക് ചെയ്യുന്നതിന് സമ്പൂർണ വിലക്കുമേർപ്പെടുത്തി. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ അമ്പലത്തുംകാലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കരിപ്ര, മടന്തകോഡ്, നെടുമൺകാവ്, നല്ലില, പാലമുക്ക്, കണ്ണനല്ലൂർ വഴിയും, ലൈറ്റ് മോട്ടോർ വാഹനങ്ങളും ബൈക്കുകളും ആറുമുറിക്കടയിൽ നിന്ന് തിരിഞ്ഞ് കുഴിമതിക്കാട്, പികെപി കവല, യുപിഎസ് ജങ്ഷൻ, പെരുമ്പുഴ, കണ്ണനല്ലൂർ വഴിയും പോകേണ്ടതാണ്.
കണ്ണനല്ലൂരിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പുഴയിൽ നിന്ന് തിരിഞ്ഞ് പികെപി ജംഗ്ഷൻ, കുഴിമതിക്കാട്, ആറുമുറിക്കട വഴിയും, ഭരണിക്കാവ് ഭാഗത്തേക്ക് പോകുന്നവ ചീരങ്കാവ്, പവിത്രേശ്വരം വഴിയും പോകണം.
ഭരണിക്കാവിൽ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മൂന്നുമുക്കിൽ നിന്ന് തിരിഞ്ഞ് പവിത്രേശ്വരം, ചീരങ്കാവ് വഴിയും, കൊല്ലം ഭാഗത്തേക്ക് പോകുന്നവ പേരയം, ഇളമ്പള്ളൂർ, അഞ്ചാലുംമൂട് വഴിയും സഞ്ചരിക്കേണ്ടതാണ്.
കൊല്ലത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സാരഥി ജങ്ഷനിൽ നിന്ന് തിരിഞ്ഞ് മൊയ്തീൻമുക്ക്, പെരുമ്പുഴ, പികെപി ജങ്ഷൻ വഴി കൊട്ടാരക്കരയിലേക്ക് പോകണം. അഞ്ചാലുംമൂട്, കൊറ്റങ്കര, മാമ്പുഴ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്കായി ഇളമ്പള്ളൂർ രണ്ട്റോഡ്, പുത്തൂർ, കേരളപുരം കെപിപി ജങ്ഷൻ എന്നിവ വഴി പ്രത്യേക ബൈപ്പാസ് റൂട്ടുകളും ഒരുക്കിയിട്ടുണ്ട്.
കൊല്ലത്ത് രണ്ട് പ്രധാന ചടങ്ങുകളിലാണ് മന്ത്രി പങ്കെടുക്കുന്നത്. കുണ്ടറ പവിത്രം കൺവൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാ കർഷക വർഷാചരണവുമായി ബന്ധപ്പെട്ട 'സഹകരണത്തിലൂടെ സമൃദ്ധി' പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 2:45 മുതൽ 4:15 വരെ നടക്കുന്ന ചടങ്ങിൽ ജില്ലയിലെ സഹകരണ മേഖലയിലെ സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് മാതാ അമൃതാനന്ദമയീ മഠത്തിലേക്ക് തിരിക്കുന്ന അമിത് ഷാ, വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുപരിപാടിയും ഉദ്ഘാടനം ചെയ്യുന്നതാണ്.
"
https://www.facebook.com/Malayalivartha

























