18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ മൂന്നാം ദിനമായ നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ പ്രദർശിപ്പിക്കും. അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്‌മാന്റെ ചിത്രമടക്കം മത്സര വിഭാഗം, ഇന്റർനാഷണൽ നോൺ ഫിക്ഷൻ, ഫോക്കസ് വിഭാഗങ്ങൾ, മലയാളം വിഭാഗങ്ങൾ, ബെസ്റ്റ് ഓഫ് അനസി, അനസി കിഡ്സ്, ക്യാമ്പസ് ഫിലിം, ആർ ശരത് ഇൻ മെമ്മോറിയം, ഹോമേജ് തുടങ്ങിയ വിഭാഗങ്ങളിലെ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്. അന്തരിച്ച സംവിധായകൻ ആർ. ശരത്തിന്റെ ഡിവൈൻ ലവ്, ദേവവാദ്യങ്ങൾ, ബറിയൽ ഓഫ് ഡ്രീംസ് എന്നീ മൂന്ന് മലയാള ചിത്രങ്ങളും, ഷോർട് ഫിക്ഷൻ വിഭാഗത്തിൽ മാൻസിങ് ഭാസ്കെ സംവിധാനം ചെയ്ത സേക്രഡ് സാൽ ട്രീ, ഷായാർ ഗാന്ധി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം കറസ് മി, പ്രാചി ചൗഗുലെയുടെ മറാത്തി ചിത്രം ആൻ ഓയ്സ്റ്റർ ലൈഫ് എന്നിവ ഉൾപ്പെടുന്നു.
ഷോർട് ഡോക്യുമെന്ററി വിഭാഗത്തിൽ സമുജ്ജൽ കശ്യപിന്റെ അസമീസ് ചിത്രം ദി ഖമ്യാങ് സ്റ്റോറി, ആനന്ദ് രാമകൃഷ്ണന്റെ ബില്ലം, കൃഷ്ണകാന്ത് മിശ്രയുടെ എ ഹ്യൂമൻ ഡേ - ഹാൻഡ് പുൾഡ് റിക്ഷാ ഓഫ് കൊൽക്കത്ത എന്നിവ പ്രദർശിപ്പിക്കും. മലയാളം ഡോക്യുമെന്ററി വിഭാഗത്തിൽ ജീവൻ ഷാജിയുടെ എക്കോസ് ഓഫ് വീൽസ് ഉണ്ടാകും.
അന്താരാഷ്ട്ര നോൺ-ഫിക്ഷൻ വിഭാഗത്തിൽ തെരസാക്കി മിസുഹോ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ജേർണി ഇൻടു സാതോ തദാവോ, ക്യാമ്പസ് ഫിലിം വിഭാഗത്തിൽ ശ്രീഹരി രാജേഷിന്റെ അൺസങ് ഹാൻഡ്സ്, മുഹമ്മദ് ജസീൽ കെയുടെ മലയാള ചിത്രം മറാ എന്നിവയും ഉൾപ്പെടുന്നു.
ദി ലിവിങ് ടാപെസ്ട്രി: നീന സബ്‌നാമിസ് മൂവിങ് ക്രാഫ്റ്റ് വിഭാഗത്തിൽ മൂന്ന് ചിത്രങ്ങളും ഫിലിംസ് ഫ്രം നേപ്പാൾ വിഭാഗത്തിൽ മൈ മം ഈസ് എ ബോഡിബിൽഡർ അടക്കം മറ്റു മുന്ന് ചിത്രങ്ങളും ഇൻ അർബൻ ഇന്ത്യ വിഭാഗത്തിൽ അദ്വൈത പാട്ടീൽ, യഷ് ദരേക എന്നിവർ സംവിധാനം ചെയ്ത ദി ഗ്രേറ്റ് കോറിഡോർ ഉൾപ്പെടെ ആറു ചിത്രങ്ങളുമുണ്ടാകും.
ഹോമേജ് വിഭാഗത്തിൽ കെൻ ജാക്കോബ്സിന്റെ നിശബ്ദ ചിത്രം ലെറ്റ് ദെയർ ബി വിസിൽബ്ലോവേഴ്സ്, ഗാറ്റ്‌ലിഫ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ദി ഔട്ട്‌റേഞ്ച്ഡ് എന്നിവയും പ്രദർശിപ്പിക്കും. അനിമേഷൻ വിഭാഗത്തിൽ ഇന്ത്യൻ ചിത്രം മിറാഷ് ഉൾപ്പെടെ അനസി കിഡ്സ് വിഭാഗത്തിൽ ആറ് ചിത്രങ്ങൾ, ബെസ്റ്റ് ഓഫ് അനസി വിഭാഗത്തിൽ നാല് ചിത്രങ്ങൾ എന്നിവയും പ്രദർശനത്തിലെത്തും.
ചിത്രപ്രദർശനങ്ങൾക്ക് പുറമെ ഉച്ചയ്ക്ക് 12ന് മീറ്റ് ദി ഡയറക്ടർ പരിപാടിയും വൈകുന്നേരം ഫേസ് ടു ഫേസ് സെഷനും നടക്കും. വൈകിട്ട് ഏഴ് മണിക്ക് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരുടെ സൂഫി-ഹിന്ദുസ്ഥാനി സംഗീത ബാൻഡായ മെഹ്ഫിൽ-ഇ-സമയുടെ സംഗീതവിരുന്നും മേളയുടെ മൂന്നാം ദിനത്തിന് മാറ്റുകൂട്ടും.
https://www.facebook.com/Malayalivartha























