കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി

കേരളത്തില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. അമിത് ഷായുടെ വാഹന വ്യൂഹത്തിനു മുന്നിലേക്കു ചാടി വീണായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അമിത് ഷാ കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറങ്ങി വാഹനത്തില്‍ പോകുമ്പോഴായിരുന്നു സംഭവം.
പ്രതിഷേധത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതീവ സുരക്ഷയാണ് അമിത് ഷായ്ക്കായി ഒരുക്കിയിരുന്നത്. ഇതൊക്കെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.
കുണ്ടറയില്‍ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം അമൃതപുരിയിലെത്തും. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിശ്വ സേവന ദിന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.
https://www.facebook.com/Malayalivartha























