വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"

കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിൽ കാറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുകയായിരുന്ന പ്രതികളെ പൊലീസ് സംഘം കീഴടക്കിയത് സാഹസികമായി. ഹെഡ് കോൺസ്റ്റബിളായ വേൽമുരുകന്റെ ധീരതയാണ് ലഹരിക്കടത്തുകാർക്ക് കുരുക്കായത്. കാറിന്റെ മുകളിൽ കിടന്ന് വേൽമുരുകൻ നടത്തിയ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിട്ടുണ്ട്.
കർണാടകയിൽനിന്ന് കാറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് വിലാങ്കുറിച്ചി മേഖലയിൽ പരിശോധന ശക്തമാക്കിയത്. ഇതിനിടെയാണ് കർണാടക രജിസ്ട്രേഷനിലുള്ള സംശയാസ്പദമായ കാർ ഇതുവഴിയെത്തിയത്.
പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ കുതിച്ച കാറിനെ എസ്ഐയും ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനും ചേർന്ന് ബൈക്കിൽ പിന്തുടർന്നു.
യാത്രയ്ക്കിടയിൽ കാർ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതിനിടയിലാണ് വേൽമുരുകൻ അപ്രതീക്ഷിതമായി കാറിന്റെ മുകളിലേക്ക് വലിഞ്ഞുകയറിയത്. എന്നിട്ടും വാഹനം നിർത്താൻ പ്രതികൾ തയ്യാറായില്ല. ജീവൻ പോലും പണയം വെച്ച് വേൽമുരുകൻ കാറിന്റെ മുകളിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു. ഏകദേശം 40 കിലോമീറ്ററോളം ദൂരത്തിലാണ് വേൽമുരുകനുമായി ഈ വേഗതയേറിയ കാർ സഞ്ചരിച്ചത്.
ഈ സമയത്ത് ബൈക്കിലുണ്ടായിരുന്ന എസ്ഐ ഉടൻതന്നെ പൊലീസ് കൺട്രോൾ റൂമിലും വഴിയിലുള്ള ആംബുലൻസിലും വിവരങ്ങൾ കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പൊലീസും ആംബുലൻസും കാർ സഞ്ചരിക്കുന്ന പാതയിലേക്ക് കുതിച്ചെത്തി പ്രതികളുടെ വാഹനം പിന്തുടർന്നു. ഒടുവിൽ മറ്റ് പൊലീസുകാരുടെ സഹായത്തോടെ അതിസാഹസികമായി കാർ തടഞ്ഞുനിർത്തി പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു.കാറിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 200 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായത്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തുവരികയാണ്. പൊതുസുരക്ഷയ്ക്കും നിയമവാഴ്ചയ്ക്കും മാതൃകയായ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകന്റെ ധീരതയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha

























