ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം

കൊച്ചിയിലെ ചരിത്രപ്രാധാന്യമുള്ള കോഡര്‍ ഹൗസില്‍ വന്‍ തീപിടിത്തം. ഫോര്‍ട്ട് കൊച്ചിയില്‍ 1808ല്‍ നിര്‍മിച്ചതാണ് കോഡര്‍ ഹൗസ്. മുകളിലെ നിലയിലാണ് ആദ്യം തീപിടിച്ചത്. വളരെ വേഗത്തില്‍ തീ ആളിപ്പടര്‍ന്നു. മുകളിലെ നില ഏതാണ്ട് പൂര്‍ണമായും കത്തി. തടികൊണ്ട് നിര്‍മിച്ചതിനാല്‍ മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്കും തീ ആളിപ്പടരുകയായിരുന്നു. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയുന്നതിനും അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നാഷനഷ്ടം ഉണ്ടായെന്ന് കണക്കാക്കുന്നു.
തൊട്ടടുത്തുള്ള മട്ടാഞ്ചേരി അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് ആദ്യമെത്തിയെങ്കിലും അവര്‍ക്ക് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് എറണാകുളം ക്ലബ് റോഡ്, ഗാന്ധിനഗര്‍, തൃക്കാക്കര, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ യൂണിറ്റുകള്‍ക്ക് പുറമേ നേവി,കോസ്റ്റ് ഗാര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും സംഘമെത്തി. ഇവര്‍ സംയുക്തമായി രണ്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപടര്‍ന്നതിനാല്‍ ഹോട്ടലിന്റെ മുന്‍വശത്തുകൂടെ കയറാന്‍ കഴിയാത്ത സാഹചര്യത്തില്‍ പിന്നിലൂടെ കയറിയാണ് തീ അണച്ചത്.
കെട്ടിടത്തില്‍ താമസിച്ചിരുന്ന രണ്ട് മുംബയ് സ്വദേശികള്‍ പുറത്തുപോയിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. ഇവരുടെ മുറികളിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ കത്തിനശിച്ചു. മറ്റ് മുറികളില്‍ താമസക്കാരുണ്ടായില്ല. തീപിടിത്തമുണ്ടായ ഉടനെ ജീവനക്കാരെയും മറ്റുള്ളവരെയും ഒഴിപ്പിച്ചിരുന്നു. ഇന്‍ഡോ പോര്‍ച്ചുഗീസ് വാസ്തുശൈലിയില്‍ നിര്‍മിച്ച മൂന്ന് നില കെട്ടിടമാണ് കോഡര്‍ ഹൗസ്.
നിലവില്‍ ബോട്ടിക് ഹോട്ടലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഏകദേശം 200 വര്‍ഷത്തിലധികം പഴക്കമുണ്ട്. കൊച്ചിയിലെ ജൂത സമൂഹത്തിന്റെയും കോഡര്‍ കുടുംബത്തിന്റെയും ചരിത്രവുമായി അടുത്ത ബന്ധമുള്ളതാണ് ഈ പൈതൃക കെട്ടിടം. കൊച്ചി ഇലക്ട്രിക് കമ്പനിയുടെ സ്ഥാപകനായ എസ്.എസ്. കോഡര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഇവിടെ താമസിച്ചിരുന്നു. വിദേശ അതിഥികള്‍, ഗവര്‍ണര്‍മാര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ കൊച്ചി സന്ദര്‍ശനത്തിനിടെ ഇവിടെയാണ് താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha

























