കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കും; കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം ; കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കാർഷിക പ്രവർത്തനങ്ങളിലൂടെ കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പിന് കീഴിൽ കാർബൺ സെൽ രൂപീകരിക്കണമെന്ന കൃഷിമന്ത്രി ടി. സിദ്ദിഖ്ന്റെ നിർദേശം ലോകബാങ്ക് അംഗീകരിച്ചു.ഇതിനായി തുടർന്നുള്ള മാസങ്ങളിൽ യോജിച്ചുള്ള പ്രവർത്തനം ഉണ്ടാകും.
ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനായി കേരളത്തിലെത്തിയ ലോകബാങ്ക് മിഷൻ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി നിർദേശം മുന്നോട്ടുവച്ചത്.
കർഷകർ കാലാവസ്ഥാ സൗഹൃദമായ കൃഷിരീതികളിലേക്ക് മാറുന്നതിന് സാമ്പത്തിക പ്രോത്സാഹനം നൽകുന്നതിനൊപ്പം കാർഷിക മേഖലയിലെ കാർബൺ സംഭരണശേഷി വർധിപ്പിക്കാനും കാർബൺ ക്രെഡിറ്റ് സംവിധാനത്തിലൂടെ കർഷകർക്ക് അധിക വരുമാനസാധ്യത സൃഷ്ടിക്കാനും കഴിയണമെന്ന് മന്ത്രി പറഞ്ഞു. കാർഷിക മേഖലയിലെ കാലാവസ്ഥാ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേര പദ്ധതിയുടെ ഭാഗമായി കൂടുതൽ ശക്തിപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























