കച്ചേരിക്കിടെ കുഴഞ്ഞു വീണു... മൃദംഗവിദ്വാൻ ശ്രീധർ പാർത്ഥസാരഥിയ്ക്ക് വിട നൽകി സംഗീതലോകം...

മൃദംഗവിദ്വാൻ ശ്രീധർ പാർത്ഥസാരഥിയ്ക്ക് (54) വിട നൽകി സംഗീതലോകം. വെള്ളിയാഴ്ച പൂനെയിലെ ബലേവാഡിയിൽ നടന്ന കച്ചേരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകി മണിപ്പാൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല . ഹൃദയാഘാതമായിരുന്നെന്നാണ് പ്രാഥമിക റിപ്പോർട്ട്.
വയലിൻ വിദ്വാൻ തിരുവള്ളൂർ വി. പാർത്ഥസാരഥിയുടെയും വോക്കലിസ്റ്റ് പ്രേമയുടെയും മകനായി ചെന്നൈയിലാണ് ജനനം. പിന്നീട് മുംബയിലേക്ക് താമസം മാറുകയായിരുന്നു. ആറാം വയസിൽ സംഗീത വിദ്വാൻ കാരൈക്കുടി ആർ. ചന്ദ്രമൗലിയുടെ ശിക്ഷണത്തിൽ മൃദംഗപഠനം ആരംഭിച്ചു.
ഡി.കെ. പട്ടമ്മാൾ, മധുരൈ ജി.എസ്. മണി, ഡോ. എം. ബാലമുരളീകൃഷ്ണ തുടങ്ങിയ സംഗീതത്തിലെ അതികായന്മാർക്കൊപ്പം കച്ചേരി അവതരിപ്പിച്ചു.
2005ൽ 42 മണിക്കൂർ തുടർച്ചയായി മൃദംഗം വായിച്ച് റെക്കാഡിട്ടിട്ടുണ്ട്. ഫ്യൂഷൻ, ജാസ് മ്യൂസിക് പ്രോജക്റ്റുകളിലും സജീവമായിരുന്നു. ലൂയിസ് ബാങ്ക്സ്, രഞ്ജിത് ബാരോട്ട്, തൗഫീഖ് ഖുറേഷി, സക്കീർ ഹുസൈൻ തുടങ്ങിയവർക്കൊപ്പം നിരവധി വേദികൾ പങ്കിടുകയും ചെയ്തു. ബോബ് ബെൽഡൻ നിർമ്മിച്ച 'മൈൽസ് ഫ്രം ഇന്ത്യ " ആൽബത്തിലും ഭാഗമായി. ഭാര്യ:ഉമ. ഒരു മകളുണ്ട്.
"
https://www.facebook.com/Malayalivartha

























