നാല് പതിറ്റാണ്ട് നീണ്ട കരിയറിലൂടെ മലയാള ചലച്ചിത്ര-മാധ്യമ ലോകത്ത് നിറസാന്നിധ്യം... ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ കാവനാട് മണലിൽ ആനേഴത്ത് ലക്ഷ്മി ഭവനിൽ കൊല്ലം മോഹൻ (73) ട്രെയിനിൽ നിന്ന് വീണ് മരിച്ചു. നാല് പതിറ്റാണ്ട് നീണ്ട കരിയറിലൂടെ മലയാള ചലച്ചിത്ര-മാധ്യമ ലോകത്ത് നിറസാന്നിധ്യമായിരുന്നു.
കുടുംബവേരുകളുള്ള കന്യാകുമാരി മാർത്താണ്ഡം പള്ളിയാടിക്ക് സമീപം കാഞ്ഞിരോട് ഭാഗത്തെ കുടുംബ ക്ഷേത്രത്തിലേക്ക് സഹോദരന്മാർക്കൊപ്പം കൊല്ലം-കന്യാകുമാരി മെമുവിൽ യാത്രചെയ്യുകയായിരുന്നു.
തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയിൽവെ സ്റ്റേഷനിൽ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഇറങ്ങാനുള്ള കുഴിത്തുറ റെയിൽവേ സ്റ്റേഷൻ എന്ന് കരുതി കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനായി ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീഴുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം കൊല്ലം മണലിൽ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിക്കും.
സംസ്കാരം പിന്നീട്. മാർത്താണ്ഡം അഴകുവിളാകം വീട്ടിൽ പരേതരായ ശങ്കര നാരായണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് മോഹനൻ നായർ എന്ന കൊല്ലം മോഹൻ. ഭാര്യ: രുഗ്മിണീ ദേവി. മക്കൾ: രഞ്ജിനി (മുത്തൂറ്റ് ബാങ്ക്), രഞ്ജിത്ത്.
https://www.facebook.com/Malayalivartha

























