ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച

തമാശകളും കാര്യവുമായാണ് രമേഷ് പിഷാരടിയും ഷാഫി പറമ്പിലും പിഎംഎ സമീറും പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ ഇതിനിടയിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന അനുകൂല മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു.
സംരംഭകര്‍ ആശയങ്ങളേക്കാള്‍ ഉപരിയായി സമൂഹം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഷാഫി പറമ്പില്‍ എം.പി. പറഞ്ഞു. പരാജയങ്ങളെ ഭയക്കാതെ മുന്നോട്ട് പോകുന്നവര്‍ക്ക് മാത്രമേ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. നിലവിലുള്ള ചട്ടക്കൂടുകള്‍ക്കപ്പുറം അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള വികസന കാഴ്ചപ്പാടോടെയാണ് ജനപ്രതിനിധികളും ഭരണകൂടവും പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു സ്റ്റാര്‍ട്ടപ്പിന്‍റെ വിജയം അതിന്‍റെ മൂല്യനിര്‍ണ്ണയത്തിലോ നിക്ഷേപങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും, മറിച്ച് കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, സാധാരണക്കാര്‍ എന്നിവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതിന് കഴിയണമെന്നും പി.എം.എ. സമീര്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിയന്ത്രണങ്ങള്‍ക്കപ്പുറം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. മലബാര്‍ മേഖലയിലടക്കം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പിന്തുണയും ജില്ലാ തലത്തില്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകളും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിയേറ്റീവ് വ്യവസായ രംഗത്തും വിനോദ മേഖലയിലും വലിയ സാധ്യതകളാണ് നിലവിലുള്ളതെന്ന് രമേഷ് പിഷാരടി എം.എല്‍.എ. പറഞ്ഞു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പുതിയ പ്രേക്ഷകരെ കണ്ടെത്താനും കലാകാരൻമാര്‍ക്കും സംരംഭകര്‍ക്കും സാധിക്കണം. ബിസിനസുകാരെയും സംരംഭകരെയും സംശയത്തോടെ വീക്ഷിച്ചിരുന്ന പഴയ സാമൂഹിക മനോഭാവം മാറിവരുന്നതായും, പുതിയ ആശയങ്ങളുമായി മുന്നോട്ട് വരുന്നവര്‍ക്ക് സമൂഹത്തിന്‍റെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഉള്ളടക്കത്തിന് പ്രാധാന്യം ലഭിക്കുന്ന കാലമാണിത്. ഇത് വലിയ സാധ്യതകള്‍ കൊണ്ടു വരുന്നുണ്ട്. സാമ്പത്തികമായി പരാജയമാകുന്ന ചിത്രത്തിന്‍റെ റിവ്യൂ വഴി ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുന്നവരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വടകര മണ്ഡലത്തില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് കരുത്തു പകരാനായി ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് ഇ പ്ലസ് ആപ്പിന്‍റെ ഉദ്ഘാടനവും ഹഡില്‍ വേദിയില്‍ നടന്നു. ഒരു വിജയകരമായ ബിസിനസുകാരനാകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അതിന്‍റെ പ്രഖ്യാപനം ഒരിക്കല്‍ കെ.എസ്.യു.എം വേദിയില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു.എം.സീനിയര്‍ ഫെലോ വിനിത ജോസഫ് മോഡറേറ്ററായിരുന്നു.
https://www.facebook.com/Malayalivartha


























