പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പിവി കൃഷ്ണന് ഓര്‍മയായി...

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പിവി കൃഷ്ണന് (83) ഓര്‍മയായി. അധ്യാപകന്, കവി, എഴുത്തുകാരന്, ചിത്രകാരന്, ഫോട്ടോഗ്രാഫര്‍ തുടങ്ങി നിരവധി മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. ശനിയാഴ്ച രാത്രി 10 മണിയോടെ തിരുവനന്തപുരം കരിയത്തുള്ള 'ചിത്രം' എന്ന വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
വരകളിലൂടെ കാലത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നു പിവി കൃഷ്ണന്. മലയാള കാര്‍ട്ടൂണ്‍ മേഖലയ്ക്ക് നിരവധി സംഭാവനകള്‍ നല്കിയ കലാകാരന് എന്നതിലുപരി ഒട്ടേറെ കാര്‍ട്ടൂണിസ്റ്റുകളെ വാര്‍ത്തെടുത്ത ഗുരുവെന്ന നിലയിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം. 1943ല്‍ കണ്ണൂര്‍ ജില്ലയിലെ അരോളിയിലാണ് ജനിച്ചത്. ആര്‍ട്ട് അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സംസ്ഥാന പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ ഡിസൈനറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്കൂള്‍ അദ്ധ്യാപകനായിരിക്കെ 1973ലാണ് ആദ്യ കാര്‍ട്ടൂണ്‍ അച്ചടിക്കുന്നത്. എന്തു നേടിയെന്ന ചോദ്യത്തോടെ വരച്ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് ഈ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
ഒവി വിജയനും അരവിന്ദനും കാര്‍ട്ടൂണ്‍ രംഗത്ത് കുലപതികളായിരുന്ന കാലത്തായിരുന്നു പിവി കൃഷ്ണന്റെ രംഗപ്രവേശം. കുറഞ്ഞ വരകളില്‍ കൂടുതല്‍ ഭാവങ്ങളോടെ രാഷ്ട്രീയം പറയുന്ന കാര്‍ട്ടൂണുകളായിരുന്നു അദ്ദേഹത്തിന്റേത്. 1977 മുതല്‍ കുങ്കുമം വാരികയില്‍ 'സാക്ഷി' എന്ന പേരില്‍ അദ്ദേഹം വരച്ച രാഷ്ട്രീയ കാര്‍ട്ടൂണ്‍ പരമ്പര ശ്രദ്ധേയമായിരുന്നു.
"
https://www.facebook.com/Malayalivartha

























