ചര്‍ച്ച തുടങ്ങി: നേതാക്കളുടെ ഉള്ളം തിളച്ചുതൂവുന്നു

പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റ് ചര്‍ച്ച തുടങ്ങിയതോടെ സീറ്റ് മോഹികളായ കോണ്‍ഗ്രസ് നേതാക്കളുടെ ഉള്ളം പൊങ്കാല കലം കണക്കെ തിളച്ചു തൂവുന്നു. വ്യാഴാഴ്‌ച ഡല്‍ഹിയിലെത്തിയ പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തയാണ് ചര്‍ച്ചകള്‍ തുടങ്ങിവച്ചത്. 24 ന് മുഖ്യമന്ത്രിയും രമേശും വീണ്ടും ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. 24 ന് മുമ്പ് കേരളത്തില്‍ തെരഞ്ഞെടുപ്പ് സമിതി വിളിച്ചു ചേര്‍ക്കാനും പി.സി.സി. തീരുമാനിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് എം.പിമാരുടെ ജയം സംബന്ധിക്കുന്ന ഒരു സര്‍വേ റിപ്പോര്‍ട്ട് ഹൈക്കമാന്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ അഞ്ചില്‍ താഴെ സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ളത്. എറണാകുളം , വയനാട് സീറ്റുകള്‍ നേടാനാവുമെന്ന് സര്‍വേഫലം പറയുന്നു. തിരുവനന്തപുരവും സാധ്യതാപട്ടികയില്‍ ഉണ്ടെങ്കിലും എം.വിജയകുമാര്‍, ബിനോയ് വിശ്വം തുടങ്ങിയവരില്‍ ആരെങ്കിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സാധ്യത മങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാലു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വന്‍ തിരിച്ചടി ഹൈക്കമാന്റ് വൃത്തങ്ങളുടെ കണ്ണുതുറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സീറ്റുകള്‍ വീതം വയ്‌ക്കാന്‍ അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് തയ്യാറാവുകയില്ല. ജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് രാഹുല്‍ഗാന്ധിയുടെ നിലപാട്. ആം ആദ്‌മി പാര്‍ട്ടിക്ക് പിന്തുണ നല്‍കാമെന്ന രാഹുല്‍ഗാന്ധിയുടെ നിലപാട് തന്നെ മാറിയ രാഷ്‌ട്രീയ കാലാവസ്ഥയുടെ പ്രതിഫലനം വ്യക്തമാക്കുന്നു.
രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നിര്‍ദ്ദേശിക്കുന്നവര്‍ സീറ്റും കൊണ്ടു പോകും എന്ന അവസ്ഥ വരുന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടാകാനിടയില്ല. കേരളത്തിലെ പാര്‍ലമെന്റ് മണ്‌ഡലങ്ങളില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണ്ണവിവരം എ.ഐ.സി.സിയില്‍ ലഭ്യമാണ്. മണിയടിയിലൂടെ സീറ്റ് കരസ്ഥമാക്കാമെന്ന മോഹം നേതാക്കളും വച്ചു പുലര്‍ത്തുന്നില്ല. ഒരുപക്ഷേ സിറ്റിംഗ് എം.പിമാര്‍ക്കുപോലും സീറ്റുണ്ടാകുമോ എന്ന് കണ്ടറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha