ആന്റണി വന്നത് ആഭ്യന്തരവും കൊണ്ട്... രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും, സത്യപ്രതിജ്ഞ പുതുപ്പിറവിയില്‍ , സുധീരന്‍ പ്രസിഡന്റാകുന്നതില്‍ എതിര്‍പ്പ്

തെക്കു വടക്കു നടന്ന് അവസാനം ഗതികെട്ട് മന്ത്രി സ്ഥാനമേ വേണ്ട എന്ന നിലപാടിലായിരുന്നു കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നടക്കില്ലെന്നു കണ്ട ആ മോഹം എ.കെ. ആന്റണിയുടെ രൂപത്തില്‍ പൂവണിഞ്ഞു. അങ്ങനെ കോണ്‍ഗ്രസിലെ വലിയൊരു പ്രശ്‌നത്തിന് പരിഹാരവുമായാണ് ആന്റണി കേരളത്തിലെത്തിയത്.
ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക് പ്രവേശിക്കുകയാണ്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകണമെന്ന് ഹൈക്കമാന്റാണ് നിര്‍ദേശിച്ചത്. സോണിയ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ആന്റണിയാണ് ഇക്കാര്യം കേരള നേതാക്കളെ അറിയിച്ചത്.
നിയമസഭാ സമ്മേളനത്തിനു ശേഷം വിപുലമായ മാറ്റങ്ങള്‍ മന്ത്രിസഭയില്‍ വരുത്തും. ശനിയാഴ്ച സോണിയാഗാന്ധിയുമായി രമേശ് ചെന്നിത്തല രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു തീരുമാനം ഹൈക്കമാന്റ് കൈക്കൊണ്ടത്. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ സമ്മേളനത്തിനു ശേഷം തീരുമാനിക്കും. ഗണേശിനെ മന്ത്രിസഭയിലേയ്ക്ക് തിരിച്ചെടുക്കുന്നതിനെയും ജി. കാര്‍ത്തികേയനെ പ്രസിഡന്റ് ആക്കുന്നതിനെയും സംബന്ധിച്ച് പിന്നീട് തീരുമാനം ഉണ്ടാകും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രിസഭയില്‍ നിന്നും പുറത്താകുമെന്നാണ് സൂചന. അദ്ദേഹത്തെ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് നിര്‍ദേശിയ്ക്കാനും സാധ്യതയുണ്ട്. വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കുവാനും നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഇതിനോട് എതിര്‍പ്പുണ്ട്.
സര്‍ക്കാരില്‍ മാറ്റമുണ്ടാകുമെന്നും അടുത്ത വര്‍ഷത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് എ.കെ ആന്റണി കേരളത്തില്‍ എത്തിയപ്പോള്‍ പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കണമെന്ന തീരുമാനം വന്നിരിക്കുന്നത്.
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ഹൈക്കമാന്റ് ചര്‍ച്ച നടത്തിയിരുന്നു.
തിരുവഞ്ചൂര്‍ മാറുന്നതോടെ പിസി ജോര്‍ജിന്റേയും എതിര്‍പ്പ് കുറയും. കോണ്‍ഗ്രസിലെ പ്രശ്‌നം തീര്‍ന്നാല്‍ അടുത്ത വില്ലന്‍ ഘടകകക്ഷികളുടെ സീറ്റു ചര്‍ച്ചയാണ്. മുസ്ലീം ലീഗിന്റേയും കേരള കോണ്‍ഗ്രസിന്റേയും സോഷ്യലിസ്റ്റ് ജനതയുടേയും അധിക സീറ്റ് വീണ്ടും കീറാമുട്ടിയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha