കണ്ടു കണ്ടങ്ങിരിക്കും ജനത്തിനെ... കോണ്‍ഗ്രസുകാര്‍ പാടുന്നു, ഒപ്പം പിസി ജോര്‍ജും; രണ്ടുകൈയ്യും വീശി വന്നയാളാണ് ഞാന്‍ , പരിഭവവും പരാതിയുമില്ല

കണ്ടു കണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍
സത്യത്തില്‍ ഈ ജ്ഞാനപ്പാന വരികള്‍ ഓര്‍ത്ത് ചിരിക്കുന്നത് കമ്യൂണിസ്റ്റുകാരല്ല. സാക്ഷാല്‍ കോണ്‍ഗ്രസുകാര്‍ തന്നെ, ഒപ്പം പിസി ജോര്‍ജും. അത്രയാക്കായിരുന്നു തിരുവഞ്ചൂരിനെതിരെ കോണ്‍ഗ്രസിനുള്ളിലേയും യുഡിഎഫിനുള്ളിലേയും എതിര്‍പ്പ്.
സുസമ്മതനായ കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ പോരെടുത്ത തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കോണ്‍ഗ്രസുകാര്‍ക്ക് കരടായി മാറിയത് ആഭ്യന്തര മന്ത്രിയായതിനു ശേഷമാണ്. സ്വന്തം ഗ്രൂപ്പായ എ ഗ്രൂപ്പിലെ ആള്‍ക്കാര്‍ പോലും തിരുവഞ്ചൂരില്‍ നിന്നും ആഭ്യന്തരം എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ടു.
സ്വന്തം ഗ്രൂപ്പുകാര്‍ പോലും വിളിച്ചു പറഞ്ഞാല്‍ പോലീസുകാര്‍ ചെയ്യുകയില്ലെന്ന ഗതി വന്നു. തിരുവഞ്ചൂരാകട്ടെ പോലീസിനൊപ്പമായിരുന്നു. അങ്ങനെ ജനങ്ങളുടെ മനസില്‍ ആദ്യമൊക്കെ തിരുവഞ്ചൂര്‍ തിളങ്ങി. പിന്നെപ്പിന്നെ മങ്ങി.
കോണ്‍ഗ്രസില്‍ ശത്രുക്കള്‍ കൂടി. തിരുവഞ്ചൂരില്‍ നിന്നും ആഭ്യന്തരം ചെന്നിത്തലയ്‌ക്ക് നല്‍കാന്‍ പലവട്ടം ശ്രമിച്ചതാണ്. അപ്പോഴൊക്കെയും ഒരു പെന്‍ഡ്രൈവ് കാട്ടിയാണ് ആഭ്യന്തരം നിലനിര്‍ത്തിയതെന്നാണ് അണിയറ വര്‍ത്തമാനം.
അങ്ങനെ ചെന്നിത്തലയെ ഒതുക്കാനായി രായ്‌ക്ക് രാമാനം കിട്ടിയ ആഭ്യന്തരത്തില്‍ തിരുവഞ്ചൂര്‍ വിലസി. അതു പോലെ തന്നെ രായ്‌ക്ക് രാമാനം ആരും പ്രതീക്ഷിക്കാത്ത സമയത്ത് ആഭ്യന്തരവും പോയി. ചിരിക്കുന്നവരില്‍ പിസി ജോര്‍ജും ഉണ്ട്. കഴിഞ്ഞ ആഴ്‌ച പിസി ജോര്‍ജ് വെല്ലുവിളിച്ചത് തന്നെ സംഭവിച്ചു.
തന്റെ വിഷമം ഉള്ളിലൊതുക്കി കൊണ്ടുള്ളതായിരുന്നു തിരുവഞ്ചൂരിന്റെ വിടവാങ്ങല്‍ വാര്‍ത്താ സമ്മേളനം.
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാനായെന്നാണ് കരുതുന്നത്. പരിഭവവും പരാതിയുമില്ല. രണ്ടു കൈയ്യും വീശി സത്യപ്രതിജ്ഞ ചെയ്യാന്‍ വന്നയാളാണ് ഞാന്‍. ആരെയും കുറ്റപ്പെടുത്താനില്ല.
ആഭ്യന്തരവകുപ്പും അനുബന്ധവകുപ്പുകളും കഴിഞ്ഞ ഒന്നരവകുപ്പില്‍ നിരവധി നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം മുതല്‍ ക്ലിഫ് ഹൗസ് ഉപരോധം വരെയുള്ള സമരങ്ങള്‍ ഒരു തുള്ളി ചോര പോലും പൊടിയാതെ പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ടി.പി വധക്കേസില്‍ കൊന്ന ആളേയും കൊല്ലിച്ച ആളേയും പിടിച്ചു.
പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിയുന്നത്. പാര്‍ട്ടി എടുക്കുന്ന എല്ലാ തീരുമാനവും അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha