സര്‍ക്കാര്‍ വീണാലും പ്രശ്‌നമില്ല, പിസി ജോര്‍ജിനെ മാറ്റിയേ പറ്റൂ... കോണ്‍ഗ്രസ് എംഎല്‍എമാര്‍ കടുത്ത നിലപാടില്‍

മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര് കാണണം എന്നതു പോലെയായി ഇന്നലത്തെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം. ചീഫ് വിപ്പ് സ്‌ഥാനത്തുനിന്നു പി.സി. ജോര്‍ജിനെ മാറ്റണമെന്നു കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ജോര്‍ജിനെ മാറ്റിയതിന്റെ പേരില്‍ സര്‍ക്കാര്‍ വീണാലും പ്രശ്‌നമില്ലെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കെ. മുരളീധരനാണു ജോര്‍ജിനെതിരേ വിമര്‍ശനത്തിനു തുടക്കം കുറിച്ചത്. ജോര്‍ജിന്റെ സംസ്‌കാരം കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച കെ. കരുണാകരനെപ്പോലും അപമാനിക്കുന്ന ജോര്‍ജിനെ നിലയ്‌ക്കുനിര്‍ത്തണം. കോണ്‍ഗ്രസുകാരെ പോത്തെന്നു വിളിച്ചാല്‍ കേട്ടിരിക്കാനാവില്ല. അങ്ങനൊരാളെ മുന്‍നിരയില്‍ ഇരുത്തിയാല്‍ ജനം പരിഹസിക്കും. ചീഫ് വിപ്പ് ഒരിക്കലും യു.ഡി.എഫിനുവേണ്ടി സംസാരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിപ്പ് അംഗീകരിക്കാനാവില്ലെന്നും മുരളി വ്യക്‌തമാക്കി.
സോളാര്‍ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചു ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയതു ജോര്‍ജാണെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആരോപിച്ചു. ടി.എന്‍. പ്രതാപന്‍, വി.ഡി. സതീശന്‍, വര്‍ക്കല കഹാര്‍, പാലോട് രവി എന്നിവരും ജോര്‍ജിനെതിരേ ആക്രമണം അഴിച്ചുവിട്ടു.
കോണ്‍ഗ്രസിന്റെ ആത്മാഭിമാനവും യു.ഡി.എഫിന്റെ കെട്ടുറപ്പും തകര്‍ക്കുന്ന ജോര്‍ജിനെ നിലയ്‌ക്കു നിര്‍ത്താനാവുന്നില്ലെങ്കില്‍ സര്‍ക്കാര്‍ വേണ്ടെന്നുവയ്‌ക്കാന്‍ മുഖ്യമന്ത്രി തയാറാകണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha