സോളാര്‍ ഏറ്റില്ല ഇനി നിരാഹാരം... വിലക്കയറ്റത്തിനെതിരെ ഈ മാസം 15 മുതല്‍ 1400 കേന്ദ്രങ്ങളില്‍ ഇടതുമുന്നണിയുടെ നിരാഹാര സമരം

സോളാറിന് വിട. തെരഞ്ഞെടുപ്പും അടുത്തു കഴിഞ്ഞു. ഇനി ജനങ്ങളുടെ കൈയ്യടി വേണം. അതിനായുള്ള സമരമാണ് സിപിഎം ആഹ്വാനം ചെയ്യുന്നത്. വിലക്കയറ്റത്തിനെതിരെ ഈ മാസം 15 മുതല്‍ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും ചുരുങ്ങിയത് 10 കേന്ദ്രങ്ങളില്‍ നിരാഹാര സമരം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എത്ര ദിവസത്തേക്കാണ് സമരമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നിലപാട് മാറ്റും വരെ സമരം നടത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
1400 കേന്ദ്രങ്ങളിലായിരിക്കും സംസ്ഥാന വ്യാപകമായി സമരം നടക്കുക. പാചകവാതകത്തെ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുക. പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇടതു സമരം.
പാചകവാതക വില വര്‍ധനവില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. എന്നാല്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രി വര്‍ധനവ് പിന്‍വലിക്കില്ലെന്നാണ് നിലപാടെടുത്തിരിക്കുന്നത്. ഒറ്റയടിക്ക് ഗാര്‍ഹിക കണക്ഷനില്‍ 230 രൂപയാണ് വര്‍ധിപ്പിച്ചത്. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഒരു സിലിണ്ടറിന് 150 രൂപയാണ് ഉണ്ടായിരുന്നത്.
വന്‍കിട കോര്‍പ്പററ്റുകള്‍ക്ക് 28 ലക്ഷം കോടി രൂപയാണ് 2006 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഈ വില വര്‍ധന ചില കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനാണ്. കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവും സാധാരണക്കാര്‍ക്ക് സബ്‌സിഡി വെട്ടിക്കുറക്കലുമാണ് സര്‍ക്കാരിന്റെ നയം. ഉമ്മന്‍ചാണ്ടി ആളുകളെ കബളിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒരു വിഭാഗത്തിന്റെ ചൂഷണം അവസാനിപ്പിക്കാനാണ് അധാര്‍ എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടില്ല. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha