പിണക്കം തീര്‍ക്കാന്‍ ഫോര്‍മുല: മാണിക്ക് കോട്ടയവും ഇടുക്കിയും ലീഗിന് മൂന്നോ ക്യാബിനറ്റോ

കേരള കോണ്‍ഗ്രസ്- എമ്മിന് കോട്ടയം, ഇടുക്കി പാര്‍ലമെന്റ് സീറ്റുകള്‍ നല്‍കിയേക്കും. ലീഗിന് മൂന്നു സീറ്റ് നല്‍കുന്ന കാര്യം ആലോചനയുണ്ട്. എന്നാല്‍ രണ്ടു സീറ്റും കേന്ദ്ര ക്യാബിനറ്റ് പദവിയും എന്നതില്‍ ലീഗ് ഒതുങ്ങുമോ എന്നും നോക്കും. വീരേന്ദ്രകുമാറിന് വടകര സീറ്റ് നല്‍കാനും ധാരണയായി. രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയെ അനുഗമിക്കും.
ഇടുക്കിസീറ്റ് ലഭിക്കുകയാണെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസ്- മാണി വിഭാഗത്തെ പ്രതിനിധീകരിക്കും. കോട്ടയത്ത് സീറ്റിംഗ് എംപി ജോസ് കെ മാണി ജനവിധി തേടും. ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റ് കൊടുത്തില്ലെങ്കില്‍ യു.ഡി എഫില്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കെ.എം.മാണി എന്നിവര്‍ ചര്‍ച്ച ചെയ്‌ത് ഇടുക്കി സീറ്റില്‍ തീരുമാനമുണ്ടാക്കിയത്.
പി ടി തോമസിന് അടുത്ത ഒഴിവുവരുന്ന രാജ്യസഭാ സീറ്റോ, നിയമസഭാ സീറ്റോ നല്‍കും. പിടി തോമസ് ഇടുക്കിയില്‍ മത്സരിച്ചാല്‍ ജയസാധ്യത കുറവാണെന്ന നിഗമനത്തിലാണ് അദ്ദേഹത്തോട് മാറി നില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുള്ളത്. ഇടുക്കി മെത്രാന്‍ ആനക്കുഴിക്കാട്ടിലുമായുള്ള അഭിപ്രായ വ്യത്യാസമാണ് പി ടി തോമസിന് വിനയായത്. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പി ടി തോമസ് സ്വീകരിച്ച നിലപാടും അദ്ദേഹത്തെ ക്രൈസ്‌തവ സഭകളില്‍ നിന്നുമകറ്റി. ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റ് കിട്ടിയില്ലെങ്കില്‍ ഇടുക്കിയില്‍ ആഴത്തില്‍ വേരോട്ടമുള്ള ജോസഫ് ഗ്രൂപ്പ് പി ടി തോമസിനെ തുലയ്‌ക്കും.
ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് കെ.എം.ജോര്‍ജിന്റെ മകനാണ്. നേരത്തെ ഇടുക്കി എം.പിയായിരുന്നു. ഇടുക്കി സീറ്റിന്റെ പേരില്‍ പി.സി.ജോര്‍ജും ഫ്രാന്‍സിസ് ജോര്‍ജും തമ്മില്‍ പരസ്യമായ വാക്കേറ്റം നടന്നിരുന്നു. എന്നാല്‍ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് കെ.എം.മാണി പ്രഖ്യാപിച്ചതോടെ വിവാദം ഒടുക്കി. ഇടുക്കി സീറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന് പി.സി. ജോര്‍ജ് നേരത്തെ പരസ്യപ്രസ്‌താവന നടത്തിയിരുന്നു.
ലീഗ് വയനാട് സീറ്റില്‍ നോട്ടമിട്ടിട്ടുണ്ട്. എന്നാല്‍ ഷാനവാസ് മാറി കൊടുക്കാനുള്ള സാധ്യത വിരളമാണ്. വരും ദിവസങ്ങളില്‍ യഥാര്‍ത്ഥ ചിത്രം വെളിപ്പെടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha