മാനേജ്‌മെന്റുകളുമായുള്ള ധാരണയില്‍ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശന നടപടികള്‍ തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളുടെ ഫീസ് ഉയര്‍ത്തി സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. പരിയാരം മെഡിക്കല്‍ കോളജും ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള നാലു കോളജുകളും ഉള്‍പ്പെടെ 23 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കാണ് അലോട്ട്‌മെന്റ് ആരംഭിച്ചത്.
സര്‍ക്കാര്‍ കോളജുകളിലെ എം.ബി.ബി.എസ്, ഡെന്റല്‍ പ്രവേശന നടപടികള്‍ നേരത്തേ തുടങ്ങിയിരുന്നു. സ്വാശ്രയ കോളജുകളെക്കൂടി ഉള്‍പ്പെടുത്തി ഈ കോഴ്‌സുകളിലേക്കുള്ള രണ്ടാമത്തെയും അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള മൂന്നാമത്തെയും കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികളാണ് ആരംഭിച്ചത്. ആറിന് ഉച്ചയ്ക്ക് ഒന്നു വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റ് മുഖേന ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ ഓപ്ഷന്‍ സ്ഥിരീകരിക്കാനും നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്തവ റദ്ദാക്കാനും പുതുതായി ചേര്‍ത്ത കോളജുകളിലേക്കും കോഴ്‌സുകളിലേക്കും ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ടാകും.
മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ ഈ അലോട്ട്‌മെന്റിലേക്കു പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ ഹോംപേജില്‍ ലഭ്യമായ കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. >ആറിനാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഏഴു മുതല്‍ ഒമ്പതു വരെ എസ്.ബി.ടി. ശാഖകളില്‍ ഓണ്‍ലൈനായി ഫീസടച്ചതിനു ശേഷം കോളജില്‍ പ്രവേശനം നേടണം. പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കോളജ് അധികാരികള്‍ ഒമ്പതിനു വൈകിട്ട് അഞ്ചിന് കമ്മിഷണര്‍ക്കു സമര്‍പ്പിക്കണം.
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാരിനു നല്‍കുന്ന 50 ശതമാനം എം.ബി.ബി.എസ്. മെറിറ്റ് സീറ്റിലെ 20 ശതമാനത്തില്‍ വാര്‍ഷിക ഫീസ് 25,000 രൂപയായി തുടരും. 30 ശതമാനത്തില്‍ ഫിസ് 1.85 ലക്ഷമായിരുന്നത് 2.5 ലക്ഷമായി ഉയര്‍ത്തി.35 ശതമാനം മാനേജ്‌മെന്റ് സീറ്റിലെ ഫീസ് 8.5 ലക്ഷത്തില്‍ നിന്ന് 11 ലക്ഷമായി ഉയര്‍ത്തി. 15 ശതമാനം എന്‍.ആര്‍.ഐ. സീറ്റില്‍ ഫീസ് 15 ലക്ഷം രൂപയാണ് ഇക്കൊല്ലം ഫീസ്. ഇതു കഴിഞ്ഞ വര്‍ഷം 11.5 മുതല്‍ 12 ലക്ഷം വരെയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ മാനേജ്‌മെന്റ് സീറ്റില്‍ ആറു മുതല്‍ ഏഴു ലക്ഷം വരെയായിരുന്ന ഫീസ് ഇത്തവണ 11 ലക്ഷമായി വര്‍ധിപ്പിച്ചു.
സ്വാശ്രയ ഡെന്റല്‍ കോളജിലെ 50 ശതമാനം മെറിറ്റ് സീറ്റില്‍ 30 ശതമാനത്തിലെ ഫീസ് 1.75 ലക്ഷത്തില്‍ നിന്ന് 2.10 ലക്ഷമായി ഉയര്‍ത്തി. 20 ശതമാനം സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടന തുടരും. ഇതനുസരിച്ച് 14 ശതമാനം സീറ്റില്‍ 44,000 രൂപയും ആറു ശതമാനം സീറ്റില്‍ 23,000 രൂപയുമായിരിക്കും ഫീസ്. 35 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ കഴിഞ്ഞ വര്‍ഷം 4.75 ലക്ഷം രൂപയായിരുന്നത് അഞ്ചു ലക്ഷമായി വര്‍ധിപ്പിച്ചു. 15 ശതമാനം എന്‍.ആര്‍.ഐ. സീറ്റിലെ ഫീസ് 5.75 ലക്ഷത്തില്‍ നിന്ന് ആറു ലക്ഷമായി ഉയര്‍ത്തി.
https://www.facebook.com/Malayalivartha