ഓണം വാരാഘോഷം; മുന്‍ നിലപാടില്‍ മാറ്റവുമായി സര്‍ക്കാര്‍

നേരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി സമയത്ത് ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കുന്നതും, പരിപാടികള്‍ നടത്തുന്നതും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി ഓണം വാരാഘോഷത്തിനു സമാപനം കുറിച്ചു ഘോഷയാത്ര വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ തിരുത്തി. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ വര്‍ണശബളമായ ഘോഷയാത്ര നടത്താന്‍ തീരുമാനമായി. 12ന് ആരംഭിക്കുന്ന വാരാഘോഷത്തിന്റെ സമാപന ദിവസമായ 18നു വൈകിട്ടാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
ജോലിസമയത്തു സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണം ആഘോഷിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കിയതിനെ തുടര്‍ന്ന് ഘോഷയാത്ര ഒഴിവാക്കുന്നതും അത്തരത്തില്‍ വിവാദത്തിനു വഴിവയ്ക്കുമെന്നു കണക്കുകൂട്ടിയാണു നിലപാട് മാറ്റിയത്.
28 വേദികളിലായാണ് ഓണം വാരാഘോഷത്തോടനുബന്ധിച്ചു കലാപരിപാടികള്‍ നടത്തുക. ആഘോഷത്തോടനുബന്ധിച്ചു സര്‍ക്കാര്‍, പൊതുമേഖല, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നഗരം ദീപാലംകൃതമാക്കും. തലസ്ഥാനത്ത് കവടിയാര്‍ മുതല്‍ കഴക്കൂട്ടം വരെയാണു ദീപാലങ്കാരം ഒരുക്കുന്നത്. ജയന്റ് വീലും ട്രേഡ് ഫെയറും ഭക്ഷ്യമേളയുമെല്ലാമായാണു കഴക്കൂട്ടത്ത് ആഘോഷം നടത്തുക. പുറമേ നെയ്യാര്‍ഡാം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളിലും വേദികളുണ്ടാകും.
https://www.facebook.com/Malayalivartha