യുവതിയുടെ പരാതി; ഡല്‍ഹിയില്‍ പുറത്താക്കപ്പെട്ട എഎപി നേതാവ് പീഡനക്കേസില്‍ അറസ്റ്റില്‍

എല്ലാം നിമിഷങ്ങള്‍ക്കൊണ്ട് സംഭവിച്ചു. പീഡനക്കേസില്‍ ഡല്‍ഹി നിയമസഭയില്‍നിന്നു പുറത്താക്കിയ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സന്ദീപ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തുവെന്ന നാല്‍പ്പതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരു വര്‍ഷം മുന്‍പാണ് ഈ സംഭവം.
സന്ദീപിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ കാരണമായ വിഡിയോ പുറത്തായതിനെ തുടര്‍ന്ന് സ്ത്രീ എന്‍ജിഒയെ സമീപിക്കുകയും അവരുടെ നിര്‍ദേശാനുസരണം പരാതി നല്‍കുകയുമായിരുന്നു. സന്ദീപ് മന്ത്രിയായിരുന്നപ്പോഴാണ് സംഭവമുണ്ടായതെന്നും സുല്‍ത്താന്‍പുരി പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നും ഡപ്യൂട്ടി കമ്മിഷണര്‍ വിക്രംജിത് സിങ് പറഞ്ഞു.
റേഷന്‍കാര്‍ഡ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുന്‍പ് സന്ദീപിനെ കാണാന്‍ ചെന്നിരുന്നു. ആവശ്യമായ നടപടികളെടുക്കാമെന്ന് ഉറപ്പുനല്‍കിയ അദ്ദേഹം കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തുകയായിരുന്നുവെന്നാണ് സ്ത്രീയുടെ പരാതി. അശ്ലീല സിഡി പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും സന്ദീപിനെ പുറത്താക്കിയത്.
https://www.facebook.com/Malayalivartha