ട്വിറ്ററും ഫേസ്ബുക്കും നിരീക്ഷിക്കും: ആഭ്യന്തര മന്ത്രി

ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഉപയോഗിക്കുന്നത് പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല. പാക്കിസ്താന്‍ ചാരസംഘടനകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അദ്ദേഹം പറഞ്ഞു.
ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സിയെ അറിയിക്കേണ്ട കാര്യങ്ങള്‍ യഥാസമയം അറിയിക്കുന്നുണ്ട്. എന്നാല്‍ ഐ.എസ.ഐയുടെ പ്രവര്‍ത്തനം കേരളത്തില്‍ നടക്കുന്നതായി വിവരം ലഭിച്ചിട്ടില്ല.
തീവ്രവാദഭീകരവാദ പ്രസ്ഥാനങ്ങളെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസ്ഥാന ഇന്റലിജന്‍സിന് കീഴിലുള്ള ആഭ്യന്തര സുരക്ഷാവിഭാഗം സസൂക്ഷ്മം നിരീക്ഷണം നടത്തുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്റലിജന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തും. കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സംയുക്ത ഓപറേഷന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
മാവോയിസ്റ്റുകളെ നേരിടുന്നതിന് ആദിവാസികളുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ വ്യക്തമാക്കി. ആദിവാസി വിഭാഗത്തില്‍ നിന്നും 700 പേരെ നേരിട്ടു വനം വകുപ്പില്‍ നിയമിക്കും. ഇതില്‍ 90 പേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ഫോറസ്റ്റ് ഓഫീസ് കത്തിച്ച കേസില്‍ 1600 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കത്തിപ്പോയ ഫയലുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് തന്നെ കുറ്റക്കാരെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജയിംസ് മാത്യു, എം. ചന്ദ്രന്‍ , എ.എ.അസീസ്, കോവൂര്‍ കുഞ്ഞുമോന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രിമാര്‍ .
https://www.facebook.com/Malayalivartha