തിരുവിതാംകൂര്‍ ഈഴവ സംഗമം ഇന്ന് ശംഖുമുഖത്ത്: അഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്നു

സാമൂഹിക നീതിക്കായി രണ്ടാം ഈഴവമെമ്മോറിയല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി, അഞ്ചുലക്ഷത്തോളം ശ്രീനാരായണീയര്‍ അണിനിരക്കുന്ന തിരുവിതാംകൂര്‍ ഈഴവ മഹാസംഗമം ഇന്ന് വൈകുന്നേരം ശംഖുമുഖത്ത് നടക്കും. മഹാസംഗമം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്‌ഘാടനം ചെയ്യും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള യോഗം പ്രവര്‍ത്തകരും സംസ്ഥാനത്താകമാനമുള്ള യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകരുമാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനവുമായിബന്ധപ്പെട്ട് തലസ്ഥാനത്ത് ഇന്ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്തുളള യൂത്ത്‌മൂവ്‌മെന്റ് പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.
ശംഖുമുഖം കടപ്പുറത്ത് അഞ്ഞൂറ് പേര്‍ക്ക് ഇരിക്കാവുന്ന വേദി ഒരുങ്ങിക്കഴിഞ്ഞു. വേദിക്ക് മുന്നിലായി ആയിരത്തോളം പേര്‍ക്ക് ഇരിക്കാന്‍ പാകത്തില്‍ കസേരകളും നിരത്തി പ്രത്യേക പവലിയന്‍ തീര്‍ത്തു. ശബ്‌ദസംവിധാനങ്ങളും വെളിച്ച ക്രമീകരണങ്ങളുമെല്ലാം പൂര്‍ത്തിയായി.
യോഗം വെള്ളാപ്പള്ളി നടേശന്‍ ഉദ്‌ഘാടനം ചെയ്യുന്നതോടൊപ്പം സമ്മേളനത്തില്‍ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ദീപം തെളിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, എം.പിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. കൂടാതെ മറ്റുള്ള പ്രമുഖരും ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് മൂന്നുമണിയോടെ ശംഖുമുഖം കടപ്പുറത്തേക്ക് ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ പ്രവാഹമായിരിക്കും ഉണ്ടാകുക.
https://www.facebook.com/Malayalivartha