കോഴിക്കോട് എന്‍.ഐ.റ്റി.യിലും രോഹിത് വെമുലമാരുണ്ടാകുമോ?

കേന്ദ്രസര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍.ഐ.റ്റി) നിരപരാധികളെ റാഗിംഗ് കേസില്‍ അധ്യാപകര്‍ കുരുക്കിയെന്ന് ആരോപണം.
ഒരു വര്‍ഷത്തിനുമുമ്പ് നടന്ന സംഭവത്തിലാണ് രണ്ടു കുട്ടികളെ അധ്യാപകര്‍ റാഗിംഗ് കേസില്‍ കുരുക്കിയത്. ഫോണ്‍ റീചാര്‍ജുമായി ബന്ധപ്പെട്ടാണ് വിഷയങ്ങള്‍ ഉണ്ടായത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ കൈയില്‍ സഹപാഠികളായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ 30 രൂപയ്ക്ക് ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ കൊടുത്തുവിട്ടു. എന്നാല്‍ പയ്യന് റീചാര്‍ജ് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് പണം കൊടുത്ത വിദ്യാര്‍ത്ഥികളുമായി വാക്കേറ്റമുണ്ടായി. ഇതേ കേസിലാണ് തിരുവനന്തപുരം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ ചില അധ്യാപകര്‍ കേസില്‍ കുരുക്കിയത്.
എന്‍.ഐ.റ്റി.യില്‍ പ്രവേശനം ലഭിക്കുന്നത് നിസാരകാര്യമല്ല. ദീര്‍ഘകാലത്തെ പ്രയത്‌നം ഇതിനാവശ്യമാണ്. ഇത്തരത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് പഠിക്കാനുള്ള അവസരം നഷ്ടപ്പെട്ട് മാനസികമായി തകര്‍ന്ന് വീടുകളില്‍ കഴിയുന്നത്. കുട്ടികളെ തനിച്ച് വീട്ടില്‍ നിര്‍ത്താന്‍ പോലും മാതാപിതാക്കള്‍ ബുദ്ധിമുട്ടുകയാണ്. രണ്ട് വിദ്യാര്‍ത്ഥികളും സംഭവസമയത്ത് അവരുടെ ഹോസ്റ്റല്‍ മുറികളിലായിരുന്നു. സംഭവം നടന്നയുടന്‍ സസ്‌പെന്റ് ചെയ്യപ്പെട്ട 25 പേര്‍ക്കൊപ്പം ഇവരെയും കോളേജ് പുറത്താക്കി. ഇരുവരും ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കാനായിരുന്നു കോടതി നിര്‍ദേശം.
കുട്ടികള്‍ കോടതിയില്‍ പോയ ദേഷ്യത്തില്‍ അധ്യാപകര്‍ ഇവരെ കേസില്‍ കുരുക്കുകയായിരുന്നു. എന്‍.ഐ.റ്റി. ഡയറക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ നിരപരാധിയാണെന്ന് മര്‍ദ്ദനമേറ്റ ഒന്നാം വര്‍ഷക്കാരന്‍ പറയുന്നു. ഇത്തരം ഒരു നീക്കം മുന്‍കൂട്ടി കണ്ട അധ്യാപകര്‍ മര്‍ദ്ദനമേറ്റവനെ ഭീഷണിപ്പെടുത്തിയതോടെ ഇവര്‍ നിരപരാധിയാണെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് വിദ്യാര്‍ത്ഥി.
സസ്‌പെന്റ് ചെയ്യപ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് പക്ഷാഘാതം വന്ന് കിടപ്പിലാണ്. അമ്മക്ക് ജോലിയില്ല. ഒരു സഹോദരനുള്ളത് അതേ എന്‍.ഐ.റ്റിയില്‍ പഠിക്കുന്നു. പട്ടികവര്‍ഗ്ഗക്കാരനാണ് വിദ്യാര്‍ത്ഥി.
ഒന്നരവര്‍ഷം നഷ്ടപ്പെടുകയാണെങ്കില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് രണ്ട് വിദ്യാര്‍ത്ഥികളും. രാജ്യത്തെ പരമോന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ദളിത് പീഡനം തന്നെയാണ് കോഴിക്കോട് എന്‍.ഐ.റ്റിയിലും നടക്കുന്നതെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു. കുട്ടികളെ മാനസികമായി തകര്‍ത്ത അധ്യാപകര്‍ക്കെതിരെ യാതൊന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് രക്ഷകര്‍ത്താക്കള്‍. മറ്റൊരു രോഹിത് വെമുലയായി മാറുമോ തലസ്ഥാനത്തെ കുട്ടികളെന്നാണ് മാതാപിതാക്കള്‍ ഭയക്കുന്നത്.
https://www.facebook.com/Malayalivartha