ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട പ്രവാസി വ്യവസായി ദിലീപ് രാഹുലന് ദുബൈയില്‍ മൂന്നു വര്‍ഷത്തെ തടവുശിക്ഷ

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട പ്രവാസി വ്യവസായി ദിലീപ് രാഹുലന് ദുബൈയില്‍ മൂന്നു വര്‍ഷത്തെ തടവുശിക്ഷ. ദുബൈ ജബല്‍അലി കേന്ദ്രമായ പസഫിക് കണ്‍ട്രോള്‍ എന്ന ഐ.ടി സ്ഥാപനത്തിന്റെ ഉടമയും കൊച്ചി സ്വദേശിയുമായ ദിലീപ് രാഹുലന്, ചെക്ക് കേസിലാണ് ദുബൈ പ്രാഥമിക കോടതി തടവു ശിക്ഷ വിധിച്ചത്. ദിലീപിന്റെ അസാന്നിധ്യത്തിലായിരുന്നു വിധിയെന്ന് അറേബ്യന്‍ ബിസിനസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യക്കാരനായ എസ്.ടി. വിനോദ് ചന്ദ്ര നല്‍കിയ പരാതിയിലാണ് വിധി. ദിലീപ് ഒപ്പുവെച്ച, 38 കോടി രൂപയുടെ രണ്ടു ചെക്ക്, ആവശ്യത്തിനു ഫണ്ട് ഇല്ലാത്തതിനെ തുടര്‍ന്നു മടങ്ങിയതിനാണ് കേസ്.
എന്നാല്‍, ഇത് വ്യക്തിപരമായ കേസാണെന്നും കമ്പനിക്കു പങ്കില്ലെന്നും പസഫിക് കണ്‍ട്രോള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ദിലീപ് എവിടെയാണെന്നു വ്യക്തമല്ല. ഇയാള്‍ക്കെതിരേ ദുബൈ സര്‍ക്കാര്‍ ഇന്റര്‍പോള്‍ വഴി രാജ്യാന്തര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ, ലാവ്‌ലിന്‍ കമ്പനിയില്‍ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായിരുന്ന ദിലീപ് രാഹുലനെ, കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 27 നാണ് ശിക്ഷ വിധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1984ല്‍ ആസ്‌ട്രേലിയയിലാണ് രാഹുലന്‍ പസിഫിക് കണ്‍ട്രോള്‍സ് സ്ഥാപിച്ചത്. പിന്നീട് ദുബൈയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയായിരുന്നു.
കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് ദുബൈയിലെ വിവിധ ബാങ്കുകളില്‍ നിന്ന് ലക്ഷകണക്കിന് ദിര്‍ഹം വായ്പയെടുത്ത ദിലീപ് രാഹുലന്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ദുബൈ വിട്ടതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























