കഞ്ചാവ് ലഹരിക്കടിമപ്പെട്ട യുവാവിനെ ശല്യം സഹിക്കവയ്യാതെ മാതാപിതാക്കള്‍ കൊലപ്പെടുത്തി പിതാവ് കസ്റ്റഡിയില്‍

കഞ്ചാവ് ലഹരിക്കടിമപ്പെട്ട യുവാവിനെ ശല്യം സഹിക്കവയ്യാതെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയത് ആണിപ്പാരയ്ക്ക് തലയ്ക്കടിച്ചുവീഴ്ത്തിയാണെന്ന് പൊലീസ് പറഞ്ഞു. പാറശാലയ്ക്ക് സമീപം കൊടവിളാകം പറങ്കിമാംവിള പുത്തന്‍വീട്ടില്‍ ശ്രീധരന്‍ -സരസ്വതി ദമ്പതികളുടെ മൂത്ത മകന്‍ സന്തോഷാണ് (25) ഇന്നലെ പുലര്‍ച്ചെയോടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് മുമ്പാകെ കീഴടങ്ങിയ മാതാവ് സരസ്വതിയും സന്തോഷിന്റെ സഹോദരന്‍ സജിനുംചോദ്യം ചെയ്യലിലാണ് കൊലപാതകരീതി പൊലീസിനോട് വിശദീകരിച്ചത്.
കഞ്ചാവിനടിമയായ സന്തോഷിന്റെ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍പോയ സന്തോഷിന്റെ പിതാവ് ശ്രീധരനും ഇന്നലെ രാത്രി പൊലീസ് പിടിയിലായതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കോണ്‍ക്രീറ്റ് പണിക്കാര്‍ തട്ട് പൊളിക്കുമ്പോള്‍ ആണി ഊരാന്‍ ഉപയോഗിക്കുന്ന ആണിപ്പാരയാണ് കൃത്യത്തിന് ഉപയോഗിച്ചത്. രക്തം പുരണ്ട പാര പൊലീസ് ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച അര്‍ദ്ധരാത്രി വീട്ടില്‍ നടന്ന വഴക്കിനെയും ബഹളത്തെയും തുടര്‍ന്നാണ് സന്തോഷ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ സമീപവാസികളാണ് ശരീരമാസകലം മുറിവേറ്റ് രക്തം വാര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ഇരുകാലുകളും കെട്ടിയിരുന്നു. മൃതദേഹത്തിന്റെ തലയ്ക്ക് പിറകില്‍ ആഴത്തിലുള്ള മുറിവും മുഖത്ത് ആസിഡ് വീണ പൊള്ളലും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് വഴക്കിനിടയില്‍ മുഖത്ത് ആസിഡ് ഒഴിച്ചശേഷം നിലത്ത് വീണ സന്തോഷിന്റെ കാലുകള്‍ കെട്ടി തലയിലും ശരീരത്തിലും കമ്പി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയതായാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവിനും ലഹരിക്കും അടിമയായ സന്തോഷ് പലപ്പോഴും വീട്ടുകാരുമായി വഴക്ക് കൂടാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വീടിന്റെ ഗേറ്റ് ഇളക്കി വില്‍ക്കാന്‍ ശ്രമിച്ചതിന് പിതാവ് ശ്രീധരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സന്തോഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറും.
https://www.facebook.com/Malayalivartha

























